കൊച്ചി: പോക്കാളി നെൽവയലുകളിൽ കതിര് പൂവണിയുന്നത് സാക്ഷ്യപ്പെടുത്തുവാൻ സസ്യശാസ്ത്ര വിദ്യാർഥികളെത്തി. കർഷകനായ മഞ്ചാടി പറമ്പിൽ ചന്തു ചെല്ലാനം മറുവക്കാട്ടിലെ വയലുകളിൽ പരിപാലിച്ചു വരുന്ന നെൽകൃഷി കതിര് അണിയുന്നത് സാക്ഷ്യപ്പെടുത്തുവാൻ സെൻറ് ആൽബർട്സ് കോളജിലെ ബിരുദാനന്തര ബിരുദ സസ്യശാസ്ത്ര വിദ്യാർഥികളാണ് എത്തിയത്.
സ്വയം പരാഗണത്തിലൂടെയാണ് നെല്ല് മണികൾ രൂപപ്പെടുന്നത്. സാധാരണഗതിയിൽ വിതച്ച് 80 - 90 ദിവസങ്ങൾക്കകം കതിരുകൾ പ്രത്യ ക്ഷപ്പെടും. രാവിലെ ഏഴിനും 11നും ഇടയിലാണ് തൂവെള്ള നിറത്തിലുള്ള പൂക്കൾ വിരിയുന്നത്. സ്വയം പരാഗണത്തിന് ശേഷം അവ വൈകാതെകൊഴിഞ്ഞു പോകും. പിന്നീട് 30 ദിവസത്തിനുള്ളിൽ നെൽമണികൾ ദൃഢീകരിക്കപ്പെട്ട് വിളവെടുപ്പിന് പാകമാകും. വിളവെടുക്കാൻ വൈകിയാൽ നെൽമണികൾ ഉതിർന്നു വീണ നഷ്ടമാകും. മറുവക്കാട് പാടശേഖരത്തി ന്റെ ഭാരവാഹികൾ ഓര് ജലം കാർഷിക കലണ്ടർ അനുസരിച്ച് ഏപ്രിൽ 15നകം വയലുകളിൽനിന്നും പൂർണമായും നിർമാർജനം ചെയ്തിരുന്നില്ല.
ഏപ്രിൽ മെയ് മാസങ്ങളിലെ തീക്ഷ്ണമായ വേനൽ ചൂടിൽ വയലുകൾ വരണ്ടുണങ്ങിയതിനു ശേഷം ഉഴുതു മറിച്ച വാരങ്ങൾ തീർക്കുവാൻ സാധിച്ചിരുന്നില്ല. ജൂൺ ആദ്യ വാരം തുടങ്ങേണ്ട നെൽകൃഷി ഏറെ വൈകിയാണ് ആരംഭിച്ചത്. ബോട്ടണി വകുപ്പ് മേധാവി ഡോ.സിജു വർഗീസ് , പ്രഫ.മേരി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ 21 ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ സംഘമാണ് വയലുകൾ സന്ദർശിച്ച് പഠനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.