മധ്യപ്രദേശിൽ കാണാതായ മലയാളി ജവാന്‍റെ മൃതദേഹം കണ്ടെത്തി; അപകടം കാർ നദിയിലേക്ക് മറിഞ്ഞ്

നർമദാപുരം: മധ്യപ്രദേശിൽ മൂന്നുദിവസംമുമ്പ് കാണാതായ മലയാളി സൈനിക ക്യാപ്റ്റന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമംഗലം സ്വദേശി നിർമൽ ശിവരാജിന്റെ (32) മൃതദേഹമാണ് കണ്ടെത്തിയത്. പച്മാഢിയിലെ ആർമി എജുക്കേഷൻ കോർപ്സ് (എ.ഇ.സി) സെന്‍ററിൽ പരിശീലനം നേടുകയായിരുന്നു നിർമൽ.

ജബൽപൂരിൽ ലഫ്റ്റനന്റായ ഭാര്യയെ സന്ദർശിച്ച ശേഷം പച്മാഢിയിലേക്ക് മടങ്ങുന്നതിനിടെ നിർമൽ ഓടിച്ച കാർ ബച്ച് വാഡ നദിയിലേക്ക് മറിയുകയായിരുന്നു. കഴിഞ്ഞ 15നാണ് അപകടം. മഖാൻനഗർ ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാറും നദിയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സൈന്യത്തിന് കൈമാറി.

മരണമടഞ്ഞ കരസേനാ ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ പിതാവ് പി കെ ശിവരാജനെ വീട്ടിലെത്തി ആശ്വസിപ്പിക്കുന്ന മന്ത്രി പി രാജീവും മേയർ അഡ്വ. എം അനിൽകുമാറും

13നാണ് നിർമൽ ഭാര്യയുടെ അടുത്തേക്ക് പുറപ്പെട്ടത്. 16ന് രാവിലെ ആറിന് പരിശീലനകേന്ദ്രത്തിൽ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, നിർമൽ എത്താതിരുന്നതിനെത്തുടർന്ന് സൈന്യത്തിന്റെ പരാതിയിൽ അന്വേഷണം നടത്തുകയായിരുന്നു. 15ന് വൈകീട്ട് 3.30ഓടെ ജബൽപൂരിൽനിന്ന് ഇറങ്ങിയ നിർമൽ, രാത്രി 8.30 വരെയുള്ള സമയത്തിനിടക്ക് ഭാര്യയെ പലവട്ടം ഫോണിൽ വിളിച്ചിരുന്നു.

വെള്ളപ്പൊക്കം കാരണം യാത്രക്ക് ബുദ്ധിമുട്ടുള്ളതായി നിർമൽ അറിയിച്ചിരുന്നെന്ന് ഭാര്യ പിന്നീട് പൊലീസിനോട് പറഞ്ഞു. എറണാകുളത്തുള്ള മാതാവിനെയും നിർമൽ ഇക്കാര്യം വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് നിർമലിനെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും കുടുംബം അറിയിച്ചു.

Tags:    
News Summary - Body of missing Malayali jawan found in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.