1. റൂസിനി 2. പുലിപിടിച്ച നാലര വയസ്സുകാരിയുടെ മൃതദേഹം ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നു
അതിരപ്പിള്ളി/കോയമ്പത്തൂർ: വാൽപ്പാറയിൽ പുലിപിടിച്ച നാലര വയസ്സുകാരിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി. തോട്ടംതൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പച്ചക്കാട് എസ്റ്റേറ്റിൽ തോട്ടംതൊഴിലാളികൾ താമസിച്ചിരുന്ന ലയത്തിനു സമീപം കളിക്കുകയായിരുന്ന കുട്ടിയെ വെള്ളിയാഴ്ച വൈകീട്ട് ആറിനാണ് പുലി കടിച്ചുകൊണ്ടുപോയത്. കുട്ടിയുടെ അമ്മ മോണിക്ക ദേവി സമീപത്ത് നിൽക്കുമ്പോഴാണ് സംഭവം.
തൊഴിലാളികൾ രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കനത്ത മഴയും തിരച്ചിലിനെ ബാധിച്ചിരുന്നു. ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിൽ 300 മീറ്റർ അകലെ പുലി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ തലയും കാലും അടക്കം ഏതാനും ഭാഗം മാത്രമേ ശേഷിച്ചിരുന്നുള്ളൂ. ബാലികയെ ആക്രമിച്ചത് പുലിതന്നെയാണെന്ന് കാൽപ്പാടുകൾ നോക്കി കഴിഞ്ഞ ദിവസംതന്നെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു.
ശനിയാഴ്ച തോട്ടംതൊഴിലാളികൾ അവധിയെടുത്ത് ബാലികയെ കണ്ടെത്താനുള്ള തിരച്ചിലിൽ പങ്കെടുത്തു. പൊലീസിന്റെ പ്രത്യേക നായെയും എത്തിച്ചിരുന്നു. തിരച്ചിൽ ആരംഭിച്ച് അധികം വൈകാതെ ബാലികയുടെ ശരീരാവശിഷ്ടം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ആശ്വാസ ധനസഹായം നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു.
പുലിയുടെ ആക്രമണം ധാരാളമായി ഉണ്ടാകുന്ന പ്രദേശമാണിത്. സമീപകാലത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഒരു സുരക്ഷാനടപടിയും അധികാരികളുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ വാൽപ്പാറയിൽ പുള്ളിപ്പുലി ആറ് വയസ്സുകാരിയെ ആക്രമിച്ച് കൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.