കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്നിറങ്ങാൻ വൈകിയ വിഷയത്തിൽ കോടതിയോട് മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ. ഉത്തരവ് ജയിലിലെത്തിക്കാൻ വൈകിയതാണ് തടസമായതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ലൈംഗികാധിക്ഷേപ കേസിൽ ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ചൊവ്വാഴ്ച ഹൈകോടതി ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങിയിരുന്നില്ല. വിടുതൽ ബോണ്ടിൽ ഒപ്പുവെക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നതോടെയാണ് ജയിലിൽ നിന്നിറങ്ങാതിരുന്നത്. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത ഒട്ടേറെ തടവുകാർ ജയിലിലുണ്ട്. അവർക്കുള്ള ഐക്യദാർഢ്യം കൂടിയാണിതെന്ന് ബോബി ചെമ്മണ്ണൂരിന്റെ നിലപാട്.
ഇത്, കോടതിയെ പ്രകോപിപ്പിച്ചു. ഇന്ന് രാവിലെ ബോബി ചെമ്മണ്ണൂരിലെ ജയിലിൽ നിന്നിറക്കാനെത്തിയ അഭിഭാഷകനെ കോടതി വിളിപ്പിച്ചു. നാടകം കളിക്കരുതെന്നും ജാമ്യം റദ്ദാക്കുമെന്നും ഹൈകോടതി പറഞ്ഞു. ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകനെ വിളിപ്പിച്ചാണ് കോടതി മുന്നറിയിപ്പ് നൽകിയത്. ആരും നിയമത്തിന് അതീതരല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ വിഷയം ഇന്ന് 1.45-ഓടെ കോടതി വീണ്ടും പരിഗണിക്കും.
അഭിഭാഷകർ ഇല്ലാതെയും ജാമ്യബോണ്ടിനുള്ള തുക കെട്ടിവെക്കാനാവാതെയും ജയിലിൽ ദുരിതമനുഭവിക്കുന്ന തടവുകാർക്കും നീതി വേണം. ഇവർ പുറത്തിറങ്ങും വരെ താനും ജയിലിൽ തുടരുമെന്ന് ബോബി നിലപാടെടുക്കുകയായിരുന്നു. അതേസമയം, ജയിൽ ചട്ടപ്രകാരം വൈകീട്ട് ഏഴിന് മുമ്പ് കോടതി ഉത്തരവ് കൊണ്ടു വന്നാൽ മാത്രമെ പ്രതികളെ മോചിപ്പിക്കാറുള്ളുവെന്ന് ജയിൽ അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച ഈ സമയ പരിധിയിൽ രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നതാണ് മോചനം നടക്കാതെ പോയത്. ഗതാഗത കുരുക്ക് കാരണം രേഖകൾ കോടതിയിലെത്തിക്കാൻ കഴിഞ്ഞില്ലെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ പറയുന്നത്.
ജില്ല ജയിൽ പരിസരത്തേക്ക് ചൊവ്വാഴ്ച നൂറുകണക്കിന് ആരാധകർ എത്തിയിരുന്നു. ബോബി ചെമ്മണ്ണൂരിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു പ്ലക്കാർഡുകളും പൂക്കളും ബാനറുകളുമായിട്ടാണ് ഇവർ എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥൻ അവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കേന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നും നിർദേശിച്ചാണ് ബോബിക്ക് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ബോഡി ഷെയ്മിങ് സമൂഹത്തിന് ഉൾകൊള്ളാൻ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബിയോട് ചോദിച്ചിരുന്നു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ഉറപ്പു നൽകുമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് നേരത്തെ ബോബി കോടതിയെ അറിയിച്ചത്. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.