പത്തനംതിട്ട: പ്രസവ ശസ്ത്രക്രിയ വേണ്ടിവരുന്ന ഗർഭിണികളെ രക്തത്തിനായി കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയിൽനിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്നതായി പരാതി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്ന് സൗജന്യമായി രക്തം ലഭിക്കുമെന്നിരിക്കെയാണ് ഡോക്ടർമാരുടെ ഒത്താശയോടെ രക്തക്കച്ചവടം നടക്കുന്നത്.
ആരോഗ്യമന്ത്രി വീണ ജോര്ജിന്റെ മണ്ഡലത്തിലുള്ള കോഴഞ്ചേരി ജില്ല ആശുപത്രിയുമായി ബന്ധപ്പെട്ടാണ് രക്തക്കച്ചവട വിവാദം ഉയർന്നത്. സ്വകാര്യ ആശുപത്രിയിൽ ദാതാവിന്റെ രക്തം ചേരുമോ (ക്രോസ് മാച്ച്) എന്ന് പരിശോധിച്ച് രക്തം ഉറപ്പാക്കാൻ ഗർഭിണികളിൽനിന്ന് 3000 രൂപ വരെ ഈടാക്കുന്നുണ്ട്. ജില്ല ആശുപത്രിയിൽനിന്ന് കഴിഞ്ഞവർഷം 360 ഗർഭിണികളെയാണ് നിർബന്ധിതമായി രക്തത്തിനായി സ്വകാര്യ ആശുപത്രികളിലേക്ക് വിട്ടത്.
ഈ വർഷം ഇതുവരെ 140 ഗർഭിണികളിൽ 128 പേരെയും സ്വകാര്യ ആശുപത്രിയിലേക്കയച്ചു. ജില്ല ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഒരു ഡോക്ടറും സ്വകാര്യ ആശുപത്രി അധികൃതരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്ന് ആക്ഷേപമുണ്ട്.
ഗർഭിണികളിൽ ചിലർ ഇക്കാര്യം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും നടപടി എടുത്തിട്ടില്ല. ജില്ല ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ എത്തുന്നവരിൽ ഏറിയപങ്കും സാധാരണക്കാരും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമാണ്. ഏറെനാൾ മുമ്പ് അടൂർ ജനറൽ ആശുപത്രിയിലും സമാന പരാതികളുയർന്നിരുന്നു.
ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലേക്കും രക്തം നൽകാനുള്ള ബ്ലഡ് ബാങ്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ്. ബ്ലഡ് ബാങ്കിൽനിന്ന് കൊണ്ടുവരുന്ന രക്തം ജില്ല ആശുപത്രി, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ സംഭരിച്ചുവെക്കാനുള്ള യൂനിറ്റുകളുണ്ട്.
ജില്ല ആശുപത്രിയിൽ ഒരുസമയം 30 കുപ്പി വരെ സൂക്ഷിക്കാൻ കഴിയും. ബ്ലഡ് ബാങ്കിൽനിന്ന് ആവശ്യക്കാർക്ക് സൗജന്യമായാണ് രക്തം ലഭിക്കുന്നത്. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകൾക്കും ഇവിടെ നിന്നുള്ളത് ഉപയോഗിക്കാം. രക്തം ആവശ്യമുള്ളവർ ക്രോസ് മാച്ചിങ് നടത്തണം. തുടർന്ന് രോഗികളുടെ ഒപ്പമുള്ളവർ ബ്ലഡ് ബാങ്കിൽനിന്ന് ശേഖരിച്ച് അതത് ആശുപത്രികളിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
പത്തനംതിട്ട: കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ രക്തബാങ്കുകളിൽനിന്ന് രക്തം വാങ്ങാൻ പ്രേരിപ്പിക്കുന്നുവെന്ന പരാതികളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.ജില്ല മെഡിക്കൽ ഓഫിസർ ജില്ല ആശുപത്രിയിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പൊലീസും സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി. ഡി.എം.ഒ ഡോ. എൽ. അനിത കുമാരി, ആർ.സി.എച്ച് ഓഫിസർ ഡോ. ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഗർഭിണികൾ ആശുപത്രിയിൽ അഡ്മിറ്റ് ആകുമ്പോൾ സൂക്ഷിക്കുന്ന റെക്കോഡുകൾ പരിശോധിച്ചതിൽ സ്വകാര്യ രക്തബാങ്കുകളിലേക്ക് രക്തം വാങ്ങാൻ അയച്ചതായി കണ്ടെത്തി. ജില്ല ആശുപത്രിയിൽനിന്ന് 2021ൽ സ്വകാര്യ ആശുപത്രിയിലേക്ക് 31 ഗർഭിണികളെ പണം അടച്ച് രക്തം വാങ്ങാൻ അയച്ചിരുന്നു.
ഒരാളിൽനിന്ന് 3000 രൂപയാണ് സ്വകാര്യ രക്തബാങ്കുകൾ വാങ്ങുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്ന് ഇതേ വർഷം 74 ഗർഭിണികൾക്കാണ് സൗജന്യമായി രക്തം നൽകിയത്. 2022ൽ ജില്ല ആശുപത്രിയിൽനിന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അയച്ചവരുടെ എണ്ണം 359 ആയി ഉയർന്നു.ഇതേ വർഷം പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്ന് രക്തം സൗജന്യമായി വാങ്ങിയത് 46 ഗർഭിണികൾ മാത്രമാണ്. കഴിഞ്ഞ ജൂൺ 30 വരെ 123 പേർ രക്തം വിലയ്ക്ക് വാങ്ങി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഒരാൾപോലും എത്തിയതുമില്ല.
കോഴഞ്ചേരി: ജില്ല ആശുപത്രിയിലെ അഴിമതികൾ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വിജിലൻസും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റി ആശുപത്രിക്ക് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ല ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും രോഗികളോടുള്ള പെരുമാറ്റം പ്രമേയമാക്കിയ തെരുവുനാടകവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.