വീടുകളില്‍ പതിച്ച കറുത്ത സ്റ്റിക്കര്‍: ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച സംഭവത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി. പ്രത്യേക തരത്തിലുള്ള ചില സ്റ്റിക്കറുകള്‍ അജ്ഞാത വ്യക്തികള്‍ വീടുകളില്‍ പതിക്കുന്നുവെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇതിന് പിന്നിലെന്നുമുള്ള പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യം കഴിഞ്ഞ വര്‍ഷം വടക്കന്‍ കേരളത്തില്‍ വിശേഷിച്ചും മലപ്പുറത്ത് ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്നു. അതേത്തുടര്‍ന്ന് ജില്ലകളിലെ എല്ലാ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കുകയും തുടര്‍ന്നു നടന്ന പ്രാഥമികാന്വേഷണത്തില്‍ അത്തരമൊരു സംഭവം നടന്നിട്ടില്ലായെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമായിരുന്നതാണ്.

സമീപ ദിവസങ്ങളിലായി ചില വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിച്ചതായി ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സംസ്ഥാന പോലീസ് മേധാവി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും കണ്‍ട്രോള്‍ റൂമുകള്‍ക്കും സൈബര്‍ സെല്ലുകള്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം ഭീതിയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരം ആശങ്കകള്‍ അറിയിച്ചാല്‍ എത്രയുംവേഗം അന്വേഷണവും തുടര്‍നടപടികളുമുണ്ടാകണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി,ആലപ്പുഴ എന്നീ ജില്ലകളിലെ ഏതാനും ചില വീടുകളിലാണ് ഇത്തരം കറുത്ത സ്റ്റിക്കറുകള്‍ പതിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ അതത് റെയ്ഞ്ച് ഐ.ജി മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - black sticker-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.