സർക്കാറിന് മുന്നിൽ യു.ഡി.എഫ് മുട്ടുമടക്കി, ബി.ജെ.പി സമരം ശക്തമാക്കും -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള തുടർപ്രക്ഷോഭം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ശക്തമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സമരം അവസാനിപ്പിച്ച യു.ഡി.എഫ് നടപടി സി.പി.എമ്മുമായുള്ള ഒത്തുകളിയുടെ ഭാഗമാണ്. സർക്കാറിന് മുന്നിൽ യു.ഡി.എഫ് മുട്ടുമടക്കിയിരിക്കുകയാണെന്നും ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിന് ശേഷം സുരേന്ദ്രൻ പറഞ്ഞു.

രാജ്യസുരക്ഷയെയും സമ്പദ്ഘടനയെയും ബാധിക്കുന്ന സ്വർണ കള്ളക്കടത്ത് കേസിലും മറ്റ് അഴിമതി കേസുകളിലും ബി.ജെ.പി പ്രക്ഷോഭം ശക്തമാക്കും. യുവാക്കളെയും സ്ത്രീകളെയും ഉൾപ്പെടെ കൂടുതലായി അണിനിരത്തി സമരം വ്യാപകമാക്കും.

സമരങ്ങളുടെ കാര്യത്തിൽ സർക്കാറിന് ഇരട്ടത്താപ്പാണ്. കർഷക സമരമെന്ന പേരിൽ സി.പി.എമ്മും കോൺഗ്രസും ചേർന്ന് കേന്ദ്ര സർക്കാറിനെതിരെ സമരം ചെയ്യുന്നു. മുഖ്യമന്ത്രി ഇന്നലെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിവാഹ ചടങ്ങുകളും ശവസംസ്കാര ചടങ്ങും നടത്തുന്നതിനെ കുറിച്ച് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് ഒരു പ്രോട്ടോകോളും പാലിച്ചില്ല. സി.പി.എമ്മുമായി ബന്ധപ്പെട്ട രണ്ട് ശവസംസ്കാര ചടങ്ങുകളിൽ ആയിരങ്ങളാണ് പങ്കെടുത്തത്. സി.പി.എമ്മിന് ഒരു നയവും പ്രതിപക്ഷ പാർട്ടികൾക്ക് മറ്റൊരു നയവുമാണ്. ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.