ഫോൺ സംഭാഷണം പുറത്തുവിട്ട ബിന്ദു വിനയകുമാറിനെതിരെ നടപടിയെടുത്ത് ബി.ജെ.പി

തിരുവനന്തപുരം: ആലപ്പുഴ ബി.ജെ.പി പ്രവർത്തകയെ ശോഭ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവിട്ട് പരാതി നൽകിയ ബിന്ദു വിനയകുമാറിനെതിരെ നടപടിയെടുത്ത് ബി.ജെ.പി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ബിന്ദുവിനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ നോർത്ത് ജില്ല കമ്മിറ്റി അംഗമായ ബിന്ദുവിനെതിരെ തുടർച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് പാർട്ടി വിശദീകരണം. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ശോഭ സുരേന്ദ്രന്റെ ഓഡിയോ പുറത്തുവിട്ടതിനൊപ്പം ഗുരുതര ആരോപണങ്ങളുന്നയിച്ച് ബിന്ദു പൊലീസിൽ പരാതി നൽകിയിരുന്നു. അസഭ്യം വിളിച്ചെന്നും ‘കരണം അടിച്ചു പൊളിക്കുമെന്നും ഭീഷണിപ്പെടുത്തി’യെന്നും കാണിച്ചാണ് ബിന്ദു വിനയകുമാർ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നത്. പാലക്കാട് വോട്ടിന് നോട്ട് വിവാദത്തിൽ പണമെത്തിച്ചത് ബിന്ദുവാണെന്നും ശോഭ ആരോപിച്ചിരുന്നു. തുടർന്നാണ് ബിന്ദുവിനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ടത്. വോട്ടിന് പണം നൽകിയ സംഭവം തന്‍റെ തലയിലാക്കാൻ ശ്രമിക്കുന്നുവെന്നാണ് ബിന്ദുവിന്‍റെ ആരോപണം. ഫോൺ സംഭാഷണമടക്കമാണ് പരാതി നൽകിയത്. ശോഭ സുരേന്ദ്രൻ പക്ഷത്തെ എതിർത്തതിന്റെ വൈരാഗ്യമാണ് വോട്ടിന് പണം നൽകിയെന്ന കേസിലേക്ക് വലിച്ചിഴക്കാൻ കാരണമെന്ന് ബിന്ദു പറയുന്നു.

ശോഭ പക്ഷത്തേക്ക് ചേർക്കാൻ ശ്രമിച്ചപ്പോൾ അതിന് തയാറാകാതെ ഇരുന്നതാണ് തന്നോടുള്ള ശത്രുതക്ക് കാരണം. തെരഞ്ഞെടുപ്പിന് മുമ്പ് ശോഭ സുരേന്ദ്രൻ, സ്വന്തം പക്ഷക്കാരെ തിരുകി കയറ്റുന്നു എന്നാരോപിച്ച് ബിന്ദു ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ഇത് പിന്നീട് ബി.ജെ.പി നേതൃത്വം ഇടപെട്ട് പിൻവലിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഓ‍ഡിയോ പുറത്തുവിട്ട് പരാതിയും പരസ്യ വിമർശനവും നടത്തിയതോടെയാണ് ബിന്ദുവിനെതിരെ നടപടിയിലേക്ക് ബി.ജെ.പി നേതൃത്വം കടന്നത്.

മുൻ ആലപ്പുഴ നോർത്ത് ജില്ല വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ശോഭയുടെ ഭീഷണി. പണം നൽകിയത് ബിന്ദുവാണെന്നും ആലപ്പുഴ നമ്പറിലുള്ള കാറിലാണ് അവർ വന്നതെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ ഭീഷണിപ്പെടുത്തി. നിങ്ങൾ ബി.ജെ.പി പ്രവർത്തകയല്ലെയെന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. നിങ്ങൾക്കെതിരെ സംസ്ഥാന അധ്യക്ഷന് പരാതി കൊടുക്കും. പൂന്തുറ ശ്രീകുമാറുമായി എന്തിനാണ് എന്നെ ബന്ധപ്പെടുത്തുന്നത്. തോന്നിവാസം ചെയ്താ അടിച്ചു പണി തീർക്കും. സഭ്യമല്ലാത്ത ഒരുപാടു ആരോപണങ്ങളും അധിക്ഷേപങ്ങളും ശോഭ സുരേന്ദ്രൻ വനിതാ നേതാവിനെതിരെ ഉന്നയിക്കുന്നുണ്ട്.

വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമീഷൻ രേഖപ്പെടുത്തിയിരുന്നു. ആരോപണം ശോഭ നിഷേധിക്കുകയാണ് ചെയ്തത്. ദൃശ്യങ്ങൾ പകർത്തിയ ആളുകളുടെ മൊഴിയും ആർ.ഡി.ഒ രേഖപ്പെടുത്തും. കൂടാതെ, പണം വാങ്ങിയെന്ന് പറയുന്ന ദേവു എന്ന വയോധികയുടെ മൊഴിയും രേഖപ്പെടുത്തും. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ജില്ല കലക്ടർക്ക് സമർപ്പിക്കും. കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കൈമാറും. തുടർന്നാകും വിഷയത്തിലുള്ള തീരുമാനം സ്വീകരിക്കുക. പാലക്കാട് സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഏപ്രിൽ എട്ടിന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തുവെന്ന പരാതി ദൃശ്യങ്ങൾ സഹിതം പുറത്തുവന്നത്.

Tags:    
News Summary - BJP takes action against Bindu Vinayakumar for leaking phone conversation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.