തിരുവനന്തപുരം: ശശി തരൂർ എം.പിയുടെ ഓഫിസ് ആക്രമിക്കുകയും കരിഓയിൽ ഒഴിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ. സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി സ്വദേശിയുമായ വിഷ്ണു (28), തിരുവനന്തപുരം ജില്ല ട്രഷററും മേലാറന്നൂർ സ്വദേശിയുമായ അഖിൽ എസ്. നായർ (23) തിരുവനന്തപുരം മണ്ഡലം സെക്രട്ടറിയും രാജാജി നഗർ സ്വദേശിയുമായ മനു (25), നേമം മണ്ഡലം സെക്രട്ടറി ഗോവിന്ദ് (29), തിരുവനന്തപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര സ്വദേശിയുമായ ഹരികൃഷ്ണൻ (27) എന്നിവരെയാണ് കേൻറാൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പ്രതികളെ പിടികൂടാത്തതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.ജി.പിയെ ഫോണിൽ വിളിച്ച് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. പട്ടാപ്പകൽ ടി.വി ചാനലുകൾക്കു മുന്നിൽ നടന്ന സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടിക്കാത്തത് സംഘ്പരിവാറിനോടുള്ള സർക്കാറിെൻറ മൃദുസമീപനത്തിെൻറ ഭാഗമാണെന്നും ചെന്നിത്തല ആരോപിച്ചു.
എം.പിയുടെ ഓഫിസ് ജീവനക്കാർക്കു നേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മൂന്ന് യുവമോർച്ച പ്രവർത്തകരെ കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവർ ഒളിവിലാണെന്നാണ് വിവരം. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തരൂരിനും ഒാഫിസിനും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.