ആർ.എസ്.എസ് ആക്ഷേപങ്ങൾ തള്ളി; ക്രൈസ്തവരെ വിശ്വാസത്തിലെടുത്ത് ബി.ജെ.പി

തിരുവനന്തപുരം: ആർ.എസ്.എസ് ഉൾപ്പെടെ സംഘ്പരിവാർ സംഘടനകളിൽ നിന്നുണ്ടാകുന്ന അധിക്ഷേപങ്ങൾ തള്ളി ക്രൈസ്തവരെ വിശ്വാസത്തിലെടുത്ത് സംസ്ഥാന ബി.ജെ.പി. നിയമസഭ തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ക്രൈസ്തവരുടെ വലിയ പിന്തുണ എൻ.ഡി.എ സ്ഥാനാർഥികൾക്ക് ലഭിച്ചെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തൃശൂർ, തിരുവല്ല, തിരുവനന്തപുരം ഉൾപ്പെടെ മണ്ഡലങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ട്വന്‍റി 20 സ്ഥാനാർഥികൾക്കും ക്രൈസ്തവ സമൂഹത്തിന്‍റെ വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. മുമ്പ് ബി.ജെ.പിയിൽ സംശയമുണ്ടായിരുന്ന ക്രൈസ്തവ വിഭാഗം ഇക്കുറി തങ്ങളെ വല്ലാതെ പിന്തുണച്ചെന്നും അതിലുള്ള ആശങ്കയാണ് മറ്റ് മുന്നണികൾക്കുള്ളതെന്നുമാണ് പാർട്ടിയുടെ വാദം. എഫ്.സി.ആർ.എ നിയമഭേദഗതി ബില്ലിൽ ക്രൈസ്തവ സമൂഹത്തിന് ആശങ്കയുണ്ട്. അതിനാലാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് ബില്ല് അവതരിപ്പിക്കുന്നത് മാറ്റിവെച്ചത്. ശേഷിക്കുന്ന ആശങ്ക മാറ്റാൻ ന്യൂഡൽഹിയിൽ ചർച്ചക്ക് അവസരം ഒരുക്കിയിട്ടുണ്ടെന്നും ബി.ജെ.പി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ക്രൈസ്തവ സമുദായവുമായുള്ള ബന്ധത്തിന് ഇടനിലക്കാരനായി പ്രവർത്തിക്കുന്ന വൈസ് പ്രസിഡന്‍റ് ഷോൺ ജോർജിനെ സഭ ആസ്ഥാനത്തേക്ക് പാർട്ടി നേതൃത്വം മുൻകൈയെടുത്ത് അയച്ചതും ഇതിന്‍റെ ഭാഗമായാണ്. മുനമ്പം ഉൾപ്പെടെ വിഷയങ്ങളിലെടുത്ത നിലപാട് മൂലം ക്രൈസ്തവ സമൂഹം പിന്തുണച്ചിട്ടുണ്ട്. അതൊന്നും വിസ്മരിക്കാനാകില്ല. അതേസമയം, ആർ.എസ്.എസ് മുഖപത്രത്തിലും സഹയാത്രികർ സാമൂഹിക മാധ്യമങ്ങളിലും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർക്കെതിരെ ക്രൈസ്തവ ബന്ധനീക്കത്തെ വിമർശിക്കുന്നത് തുടരുകയാണ്. വിശ്വസിക്കാൻ കൊള്ളാത്തവരാണ് ക്രൈസ്തവ സമൂഹമെന്നും എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്നവർ മാത്രമാണ് അവരെന്നുമുള്ള വിമർശനമാണ് സംഘ്പരിവാർ നടത്തുന്നത്.

‘സഭ പരസ്യ നിലപാട് എടുത്താൽ എന്താണ് തെറ്റ്?’; മാർ റാഫേൽ തട്ടിലിനെ കണ്ട് ഷോൺ ജോർജ്

കത്തോലിക്ക സഭക്കെതിരാ‍യ അധിക്ഷേപ പരാമർശത്തിന് പിന്നാലെ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിനെ കണ്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. സഭ ആസ്ഥാനമായ കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലെത്തിയാണ് മാർ റാഫേൽ തട്ടിലിനെ കണ്ടത്. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാടിന്‍റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് സന്ദർശനം.

സഭയുമായി യാതൊരു പിണക്കവുമില്ലെന്നും എഫ്.സി.ആർ.എ ഭേദഗതിയാണ് ചർച്ചയായതെന്നും കൂടിക്കാഴ്ചക്ക് ശേഷം ഷോൺ ജോർജ് പ്രതികരിച്ചു. എഫ്.സി.ആർ.എ ഭേദഗതി മാറ്റിവെക്കുകയും ചർച്ചക്ക് വേദി തുറക്കുകയും ചെയ്തതത് സഭയുടെ ആകുലതയോട് ബി.ജെ.പി കാണിച്ച ഏറ്റവും നല്ല സമീപനമാണ്. ആ സമീപനത്തിൽ സഭ സന്തുഷ്ടരാണ്. അതുകൊണ്ടാണ് സി.ബി.സി.ഐ പ്രതിനിധി സംഘത്തോടൊപ്പം സീറോ മലബാർ സഭ പ്രതിനിധികളും കേന്ദ്ര മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നത്.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട് പറഞ്ഞ കാര്യങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു. ഒളിച്ച് നിലപാട് പറയേണ്ട കാര്യമില്ലെന്ന ബിഷപ്പിന്‍റെ പ്രസ്താവനയിൽ സന്തോഷമുണ്ട്. സഭ പരസ്യ നിലപാട് എടുത്താൽ എന്താണ് തെറ്റെന്നും പരസ്യ നിലപാട് ബി.ജെ.പിക്ക് അനുകൂലമാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഷോൺ വ്യക്തമാക്കി.

സഭ കുറ്റം ചെയ്തതായി താനോ പാർട്ടിയോ പറഞ്ഞിട്ടില്ല. ഒരു പത്രത്തെക്കുറിച്ച് മാത്രമാണ് ആക്ഷേപം ഉന്നയിച്ചത്. ആ പത്രത്തിൽ എഴുതുന്നതെല്ലാം സഭയുടെ അഭിപ്രായമാണെന്ന് പൊതുസമൂഹം ചിന്തിക്കുന്നുണ്ടെങ്കിൽ അതങ്ങനെയല്ലെന്ന് ബോധ്യപ്പെടുത്തേണ്ട ചുമതലയാണ് താൻ നിർവഹിച്ചത്. എല്ലാ കാലത്തും രാഷ്ട്രീയ ലാഭ- നഷ്ടം നോക്കാതെ സഭക്ക് വേണ്ടി നിലകൊണ്ട ആളാണ് പി.സി. ജോർജ്. അദ്ദേഹത്തിനെതിരെ ആരെങ്കിലും പ്രവർത്തിച്ചെന്ന് പറയുമ്പോൾ അദ്ദേഹം സ്വാഭാവികമായും പ്രകോപിതനാകുമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.

Full View


Tags:    
News Summary - BJP dismisses RSS allegations; gains the confidence of Christians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.