കോഴിക്കോട്: കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തരുടെ പിറന്നാൾ ആഘോഷം വിവാദമായി. കൊടുവള്ളി സി.ഐ അഭിലാഷിന്റെ ജന്മദിനം സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് പൊലീസ് സ്റ്റേഷനിൽ ജന്മദിനാഘോഷം നടന്നത്. മെയ് 30-നാണ് 'ഹാപ്പി ബർത്ത് ഡേ ബോസ്' എന്ന തലക്കെട്ടിൽ യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം പ്രസിഡന്‍റ് പി.സി ഫിജാസ് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
ഇതോടെ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. തൊട്ടുപിന്നാലെ, യൂത്ത് ലീഗ് നേതാക്കൾക്കൊപ്പം സി.ഐ അഭിലാഷ് പിറന്നാൾ ആഘോഷിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. എം.എസ്.എഫ് - യൂത്ത് ലീഗ് നേതാക്കളാണ് ആഘോഷിച്ചത്. നിയോജക മണ്ഡലം ട്രഷറർ സിനാൻ്റെ നേതൃത്വത്തിലാണ് സി.ഐയുടെ ഓഫീസിനകത്ത് വച്ച് കേക്ക് മുറിച്ചത്.
അതേസമയം, ഇൻപെക്ടർ കെ.പി അഭിലാഷിന് വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. താമരശ്ശേരി ഡി.വൈ.എസ്.പി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൈമാറിയതായാണ് വിവരം. ഇൻപെക്ടർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.