പക്ഷിപ്പനി: ജാഗ്രത വേണം, ആശങ്ക വേണ്ട

ആലപ്പുഴ: കുട്ടനാടന്‍ മേഖലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിർദേശിച്ചു. ചില പ്രദേശങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ ലബോറട്ടറി പരിശോധനയിലാണ്​ രോഗം സ്​ഥിരീകരിച്ചത്​. 

പക്ഷികളില്‍നിന്നും ബാധിക്കുന്ന ഒരു സാംക്രമികരോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ. ഇത് ഒരു വൈറസ് രോഗമാണ്.

പക്ഷികളില്‍നിന്നും പക്ഷികളിലേക്കാണ് ഇത് പകരുക. മനുഷ്യരിലേക്ക് സാധാരണഗതിയില്‍ പകരാറില്ല. എന്നാല്‍, ചില ഘട്ടങ്ങളില്‍ പക്ഷികളിൽനിന്ന്​ മനുഷ്യരിലേക്ക് പകരാന്‍ കഴിയുന്ന രീതിയില്‍ വൈറസിന്​ രൂപഭേദം സംഭവിക്കാം. അങ്ങനെ മനുഷ്യരിലേക്ക് രോഗം വന്നാല്‍ ഗുരുതരമായേക്കാമെന്ന് ജില്ല മെഡിക്കൽ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.

കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപക്ഷികള്‍ തുടങ്ങി എല്ലാ പക്ഷികളെയും ഈ രോഗം ബാധിക്കാം. അതിനാല്‍ ഇവയുമായി അടുത്ത് ഇടപഴകുന്നവര്‍ ശ്രദ്ധിക്കണം. കേരളത്തില്‍ ഈ രോഗം മനുഷ്യരെ ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല. എങ്കിലും രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപഴകുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, പക്ഷികളെ നശിപ്പിക്കാന്‍ നിയോഗിച്ചവര്‍, മറ്റു ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാൻ പ്രതിരോധ നടപടി സ്വീകരിക്കണം.

പ്രതിരോധ മാർഗങ്ങള്‍

*രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയുറ, മുഖാവരണം എന്നിവ ധരിക്കുകയും അതാത്​ സമയങ്ങളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം.

*ചത്തുപോയ പക്ഷികള്‍, അവയുടെ മുട്ട, കാഷ്ഠം മുതലായവ ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യണം.

*ഇറച്ചി നന്നായി വേവിച്ച് പാകം ചെയ്യുക. പുഴുങ്ങിയ മുട്ട കഴിക്കാം.

*ശക്തമായ മേല്‍വേദന, പനി, ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, കഫത്തില്‍ രക്തം മുതലായവയാണ്‌ രോഗലക്ഷണങ്ങള്‍.

*രോഗപകര്‍ച്ചക്ക് സാധ്യതയുളള സാഹചര്യത്തിലുള്ളവര്‍ ഈ രോഗലക്ഷണങ്ങൾ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തേയോ ആരോഗ്യ പ്രവര്‍ത്തകരെയോ സമീപിക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.