സജി ചെറിയാനോട് ചോദിക്കണം, അമൃതാനന്ദമയിയെ ആശ്ലേഷിച്ചത് എൽ.ഡി.എഫില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല -ബിനോയ് വിശ്വം

തിരുവനന്തപുരം: അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവം മന്ത്രി സജി ചെറിയാനോട് തന്നെ ചോദിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഷയത്തില്‍ സജി ചെറിയാന്‍ തന്നെ മറുപടി പറയണം. അമൃതാനന്ദമയിയെ സജി ചെറിയാൻ ആ​ശ്ളേഷിക്കുന്ന ചിത്രം താൻ കണ്ടിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇത്തരം വിഷയങ്ങള്‍ എൽ.ഡി.എഫില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് നിലപാട്. എൽ.ഡി.എഫ് യഥാർഥ വിശ്വാസങ്ങളെ സ്വീകരിക്കും. മതങ്ങൾക്കൊപ്പം നിലകൊള്ളുമ്പോൾ തന്നെ മതഭ്രാന്തിന് ഒപ്പം നിൽ​ക്കില്ലെന്നാണ് സി.പി.ഐ നിലപാട്. മതഭ്രാന്തിനോട് മുട്ടുകുത്തില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇടതുപക്ഷത്തെ പിന്തുണച്ചുകൊണ്ടുള്ള എൻ.എസ്.എസ് നിലപാട് പോസിറ്റീവായി കാണുന്നു. ഇടതുപക്ഷം ആണ് ശരിയെന്ന് ബോധ്യപ്പെട്ടാല്‍ അവര്‍ അത് പറയട്ടെ. തങ്ങള്‍ അവരെ ശത്രുക്കളായല്ല കാണുന്നത്. എൻ.എസ്.എസിനോടുള്ള തങ്ങളുടെ നിലപാട് വ്യക്തമാണ്. മന്നത്ത് പതമനാഭന്റെ ആദര്‍ശം ഉയര്‍ത്തി പിടിക്കുന്നതുവരെ എൻ.എസ്.എസ് നിലപാട് ശരിയെന്ന് പറയുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അമൃതാനന്ദമയിക്ക് ആദരം നൽകിയ സർക്കാറിൻറെയും സാംസ്കാരിക മന്ത്രി സജി ചെറിയാന്റെയും നടപടിയിൽ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. സംവിധായകന്‍ പ്രിയനന്ദനന്‍, മുതിര്‍ന്ന സി.പി.എം നേതാവ് പി. ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ് അടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റുകൾക്ക് താഴെ നിരവധി പേരാണ് വിമർശനങ്ങൾ കുറിക്കുന്നത്.

ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലായിരുന്നു ചടങ്ങ് നടന്നത്. അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആയിരുന്നു ആദരം.  

Tags:    
News Summary - binoy viswam on government tribute to mata amritanandamayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.