തിരുവനന്തപുരം: യു.ഡി.എഫിലേക്കുള്ള അടൂർ പ്രകാശിന്റെ ക്ഷണം ചിരിച്ചു തള്ളി സി.പി.ഐ. മോദി സ്തുതി നടത്തുന്ന ആളുകൾ ബി.ജെ.പിയിലേക്ക് പോകാതിരിക്കാനാണ് കോൺഗ്രസ് നോക്കേണ്ടതെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. അടൂർ പ്രകാശിന്റെ ക്ഷണം കേട്ട് ചിരിവന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
അതിനിടെ, എം.ആർ. അജിത് കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കുന്നതിൽ ബിനോയ് വിശ്വം എതിർപ്പ് പ്രകടിപ്പിച്ചു. തൃശൂർ പൂരത്തിനിടെ പ്രശ്നങ്ങളുണ്ടായപ്പോൾ മന്ത്രിയുടെ ഒറ്റ ഫോൺ കോൾ പോലും എടുക്കാത്ത ആളാണ് എം.ആർ. അജിത് കുമാർ. ആർ.എസ്.എസ് നേതാക്കളുമായി പല തവണ കൂടിക്കാഴ്ച നടത്തിയ വ്യക്തിയാണ് അജിത് കുമാർ. അങ്ങനെ ഒരാൾ ഡി.ജി.പി ആകാൻ പാടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
നിലമ്പൂരിലെ പരാജയത്തെ കുറിച്ച് വിശദമായി പരിശോധിക്കുമെന്നും സി.പി.ഐ നേതാവ് കൂട്ടിച്ചേർത്തു. സി.പി.ഐയെ മുന്നണിയുടെ ഭാഗമാക്കുന്നതിൽ അനുകൂല നിലപാടാണ് യു.ഡി.എഫിന് എന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം. സി.പി.ഐ യു.ഡി.എഫിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹമെന്നും അവരുടെ മനസ് മാറുന്നുണ്ടോയെന്ന് നോക്കി അക്കാര്യങ്ങൾ ആലോചിക്കുമെന്നും അടൂർ പ്രകാശ് പറയുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.