തലയോലപ്പറമ്പ്: വീട്ടിൽനിന്ന് മോഷണംപോയ ബൈക്ക് തിരികെ ലഭിച്ചെങ്കിലും മോഷ്ടാക്കൾ ഹെൽമറ്റ് ധരിക്കാത്തതിന് ഉടമക്ക് പിഴ. തലയോലപ്പറമ്പ് വടയാർ പൊട്ടൻചിറ സ്വദേശി വിഷ്ണുവിന്‍റെ ബൈക്കാണ് മോഷണം പോയത്.
വെള്ളിയാഴ്ച രാത്രി വീടിന്‍റെ പോർച്ചിൽ നിന്നാണ് ബൈക്ക് മോഷണം പോയത്. ശനിയാഴ്ച രാവിലെ ഉടമ ഉണർന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെ പുത്തൻകാവ് പൊലീസ് സ്റ്റേഷനിൽനിന്ന് ഉടമക്ക് വിളിവരുകയും ബൈക്ക് ലഭിച്ചതായി അറിയിക്കുകയും ചെയ്തു. വാഹനത്തിന്‍റെ രേഖകളുമായി എത്താനും നിർദേശിച്ചു.
രാത്രി പൊലീസ് പട്രോളിങ് സംഘത്തെക്കണ്ട് മോഷ്ടാക്കൾ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ആർ.സി രേഖകളിൽനിന്ന് ഫോൺ നമ്പർ ശേഖരിച്ചാണ് ഉടമയെ വിവരം അറിയിച്ചത്. ശനിയാഴ്ച ഉടമ രേഖകളുമായി സ്റ്റേഷനിലെത്തി വാഹനവുമായി മടങ്ങി.
എന്നാൽ, ഇതിനുപിന്നാലെയാണ് ഉടമക്ക് ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനുള്ള പിഴ പൊലീസുകാർ വീട്ടിലെത്തി നൽകിയത്. നോട്ടീസിൽ ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങളും വ്യക്തമായി കാണാം. ഉടമ സംഭവം വിവരിച്ചതോടെ പൊലീസുകാർ മടങ്ങി. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാക്കളെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.