തിരുവനന്തപുരം: ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി നടപ്പാക്കുന്ന വോട്ടർ പട്ടിക പരിഷ്കരണം ഭരണഘടനാപരമായ അതിരുകൾ ലംഘിക്കുന്നതും എൻ.ആർ.സി നടപ്പാക്കാനുള്ള പിൻവാതിൽ നീക്കവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അഭിപ്രായപ്പെട്ടു.
ബിഹാറിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് വെറും വോട്ടർ പട്ടിക ശുദ്ധീകരണമല്ല, പിന്നാക്ക വിഭാഗങ്ങളുടെ പൗരാവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന അപകടകരമായ നീക്കമാണ്. പകുതിയിലധികം വോട്ടർമാരെ പുറത്തു നിർത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നത്. ആധാർ കാർഡ്, റേഷൻ കാർഡ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് പോലുള്ള പല രേഖകളും മതിയായതല്ലെന്ന് പറഞ്ഞ് നിരവധി ജനങ്ങൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന സംഭവങ്ങൾ ഇതിന് തെളിവാണ്.
ശക്തമായ പ്രക്ഷോഭത്തിലൂടെ ജനങ്ങൾ ചെറുത്ത എൻ.ആർ.സിയെ പിൻവാതിലിലൂടെ കൊണ്ടുവരാൻ തെരഞ്ഞെടുപ്പു കമ്മീഷനെ ആയുധമാക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാപരമായ അധികാര പരിധിയുള്ള സ്ഥാപനമാണ്. അതിന്റെ പ്രവർത്തനം രാഷ്ട്രീയമോ സുരക്ഷയോ പൊലീസിങ് പോലെയുള്ളതോ അല്ല. മറിച്ച്, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ സംരക്ഷിക്കുക എന്നതായിരിക്കണം.
എന്നാല്‍, ഇപ്പോഴത്തെ നടപടികൾ ഇലക്ഷൻ കമ്മീഷന്റെ സ്വതന്ത്ര സ്വഭാവത്തെ തന്നെ ചോദ്യചിഹ്നത്തിൽ ആക്കുന്നതാണ്. സംശയം ആയുധമാക്കി ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങൾ ഭരണഘടന താല്പര്യങ്ങളുടെ ലംഘനവും വംശീയതയും സാമൂഹ്യമായ വേർതിരിവും സൃഷ്ടിക്കുന്നതുമാണ്.
ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ഉടൻ നിർത്തി വെക്കണം. പൗരത്വ നിഷേധത്തിന്റെ ആശങ്ക പരത്തുന്ന ഈ നീക്കങ്ങൾക്കെതിരെ ഇന്ത്യയിലെ ജനാധിപത്യ മതനിരപേക്ഷ ശക്തികൾ ഒന്നിച്ചു നിൽക്കണമെന്നും രാജ്യത്തിനും ഭരണഘടനയ്ക്കും അപകടകരമായ നീക്കം തിരിച്ചറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.