തിരുവനന്തപുരം: ആർ.എസ്.എസിന്റെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ച് രാജ്ഭവനിൽ നടത്തിയ സർക്കാർ പരിപാടി മന്ത്രി വി. ശിവൻകുട്ടി ബഹിഷ്കരിച്ചതിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് വി. ശിവൻകുട്ടി. ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിച്ച് ഗവർണർക്ക് കത്തയക്കണമെന്ന് കെ. മുരളീധരൻ ആവശ്യപ്പെട്ടു.
സർക്കാർ പരിപാടി രാജ്ഭവനിൽ സംഘടിപ്പിക്കുമ്പോൾ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പാടില്ലെന്ന് കർശനമായി പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാജ്ഭവനിൽ നടന്ന സർക്കാർ പരിപാടിയിലാണ് ആർ.എസ്.എസിന്റെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഇടംപിടിച്ചത്. തുടർന്ന്, ശക്തമായ പ്രതിഷേധമറിയിച്ച് നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയി.
വ്യാഴാഴ്ച രാവിലെ രാജ്ഭവനിൽ നടന്ന സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ് ദാന ചടങ്ങിലാണ് പ്രതിഷേധമുണ്ടായത്. പരിപാടിക്കെത്തിയ കുട്ടികളിൽ വർഗീയത തിരുകിക്കയറ്റാൻ ശ്രമിച്ചെന്നും രാജ്ഭവൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കുടുംബസ്വത്തല്ലെന്നും മന്ത്രി ഗവർണർക്കെതിരെ മാധ്യമങ്ങൾക്കു മുന്നിൽ കടുത്ത വിമർശനവും നടത്തി.
പിന്നാലെ, മന്ത്രി പ്രോട്ടോകോൾ ലംഘിച്ചെന്നും ഗവർണറെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി രാജ്ഭവൻ വാർത്തക്കുറിപ്പുമിറക്കി. എന്നാൽ, ഗവർണർ ഭരണഘടന ലംഘിച്ചെന്നും അധികാരം മറന്ന് പ്രവർത്തിച്ചെന്നും മന്ത്രി തിരിച്ചടിച്ചു. ഭാരതാംബയെ മാറ്റിനിർത്തുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് പ്രസംഗത്തിൽ ഗവർണറും വ്യക്തമാക്കി.
ചടങ്ങിന് മന്ത്രി വൈകിയെത്തിയപ്പോൾ വിളക്കുതെളിച്ച് ഭാരതാംബ ചിത്രം പ്രദർശിപ്പിച്ച നിലയിലായിരുന്നു. തുടർന്നാണ് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി, ഭാരതാംബ ചിത്രം വെച്ചതിനെ പരസ്യമായി വിമർശിച്ചത്. മഹാത്മ ഗാന്ധിയുടെയോ പ്രധാനമന്ത്രിയുടെയോ ചിത്രം വെച്ചാൽ പോലും അതിൽ അന്തസ്സുണ്ട്. ഇത് രാജ്ഭവനെ തനി രാഷ്ട്രീയകേന്ദ്രമാക്കി മാറ്റുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
മുൻ ഗവർണറെക്കാൾ കടുത്ത രാഷ്ട്രീയ നിലപാടെടുത്ത് ധിക്കാരത്തോടെയാണ് പുതിയ ഗവർണർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പദവിയിൽ തുടരാൻ അർഹനല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ, പരിസ്ഥിതിദിന പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചത് വിവാദമായതോടെ കൃഷി മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു. ഔദ്യോഗിക പരിപാടികളിൽ ചിത്രമുണ്ടാകില്ലെന്ന രീതിയിൽ രാജ്ഭവനിൽ നിന്ന് പ്രതികരണമുണ്ടായെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.