കൊച്ചി: രാജ്ഭവനിൽനിന്ന് തിരികൊളുത്തിയ ‘ഭാരതാംബ’ വിവാദം അച്ചടക്ക നടപടിയുടെ തലത്തിലേക്ക്. ഭാരതാംബയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. ഇടത് ആഭിമുഖ്യമുള്ള കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനയായ കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷൻ കോ-ഓർഡിനേഷൻ സെക്രട്ടറിയുമായ ജി.ആർ. പ്രമോദിനെയാണ് സസ്പെന്റ് ചെയ്തത്. ഇതിനെതിരെ പ്രതിഷേധം ശക്തമായി.
അഞ്ച് ദിവസം മുമ്പാണ് പ്രമോദ് പോസ്റ്റിട്ടത്. ‘ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കെടാ, പശു ആണോ അമ്മ അതോ കാവി കോണകം പിടിച്ച സ്ത്രീയാണോ’ എന്നായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ ബി.എം.എസ് ആഭിമുഖ്യമുള്ള തപാൽ ജീവനക്കാരുടെ സംഘടനയായ ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷൻ പ്രധാനമന്ത്രിക്കും ഗവർണർക്കും ഐ.എസ്.ആർ.ഒ ഡയറക്ടർക്കും മറ്റും പരാതി അയച്ചു. നടപടി വൈകുന്നതിൽ സംഘ്പരിവാർ ഹാൻഡിലുകളിൽ പ്രതിഷേധമായി. ഒരു വാർത്ത ചാനലും യു ട്യൂബ് ചാനലും വിഷയം ഏറ്റുപിടിച്ചു.
ഐ.എസ്.ആർ.ഒയുടെ തുമ്പ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ പ്രോജക്ട് അക്കൗണ്ട്സ് സീനിയർ അസിസ്റ്റന്റായ പ്രമോദിന് സമ്മർദം ശക്തമായതോടെ കാരണം കാണിക്കൽ നോട്ടീസ് നൽകി. അതിന് പിന്നാലെ വ്യാഴാഴ്ച തിരുവനന്തപുരം വലിയമലയിലേക്ക് സ്ഥലംമാറ്റി. വെള്ളിയാഴ്ച അവിടെ ജോലിക്ക് പ്രവേശിച്ച പ്രമോദിനെ അന്നുതന്നെ സസ്പെന്റ് ചെയ്തു. സസ്പെൻഷനെതിരെ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫിസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.
തിങ്കളാഴ്ച വലിയമല ഐ.എസ്.ആർ.ഒ കേന്ദ്രത്തിലേക്ക് മാർച്ചും ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും നടത്തുമെന്ന് പ്രസിഡന്റ് എൻ. വിനോദ്കുമാർ അറിയിച്ചു. നടപടിക്കെതിരെ ട്രൈബ്യൂണലിനെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.