ഭാരത് ജോഡോ യാത്രയുടെ വാർഷികാഘോഷവും പദയാത്രകളും സെപ്റ്റംബർ ഏഴിന്

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികമായ സെപ്റ്റംബർ ഏഴിന് എ.ഐ.സി.സി ആഹ്വാനം അനുസരിച്ച് ആഘോഷ പരിപാടികൾ കെ.പി.സി.സി സംഘടിപ്പിക്കും.

ഡി.സി.സികളുടെ നേതൃത്വത്തിൽ ജില്ലകളിൽ പദയാത്രകളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. വൈകുന്നേരം അഞ്ചിനും ആറിനും ഇടയിൽ നടക്കുന്ന പദയാത്രകളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും. വിളക്കുംതറ മൈതാനിയിൽ നിന്നും സ്റ്റേഡിയത്തിലേക്ക് നടക്കുന്ന പദയാത്രക്ക് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും നേതൃത്വം നൽകും. തുടർന്ന് കെ.പി.സി.സി പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം നടക്കും.

രമേശ് ചെന്നിത്തല തിരുവനന്തപുരത്തും കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി കൊല്ലത്തും യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ ആലപ്പുഴയിലും ആന്റോ ആന്റണി എം.പി പത്തനംതിട്ടയിലും ബെന്നി ബെഹന്നാൻ എം.പി കോട്ടയത്തും ഡീൻ കുര്യാക്കോസ് എം.പി ഇടുക്കിയിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എറണാകുളത്തും എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ തൃശ്ശൂരും വി.കെ ശ്രീകണ്ഠൻ എം.പി പാലക്കാടും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മലപ്പുറത്തും മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോടും കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ധിഖ് എം.എൽ.എ വയനാടും രാജ് മോഹൻ ഉണ്ണിത്താൻ എം.പി കാസർകോടും പദയാത്രകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ഡി.സി.സി പ്രസിഡന്റുമാർ, ജില്ലകളിൽ നിന്നുള്ള കെ.പി.സി.സി ഭാരവാഹികൾ, ജനപ്രതിനിധികൾ, എ.ഐ.സി.സി അംഗങ്ങൾ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ അതത് ജില്ലകളിൽ നടക്കുന്ന പദയാത്രകളിൽ പങ്കെടുക്കും.

Tags:    
News Summary - Bharat Jodo Yatra Anniversary Celebration and Padayatras on 7th September in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.