ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും- ഭാഗ്യലക്ഷ്മിക്ക് ഭീഷണി

തിരുവനന്തപുരം: മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി. ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നാണ് ഭീഷണി. ഇന്ന് ഉച്ചക്ക് 12.30ഓടെയാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺകോൾ വന്നത്. ഇതിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് ഭാഗ്യലക്ഷ്മി അറിയിച്ചു.

ഇനിയും നീ ദിലീപിനെതിരെ പറഞ്ഞാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി. ഫോണിൽ വന്ന കോൾ എടുത്തയുടൻ തന്നെ അസഭ്യമായ ഭാഷയിലാണ് സംസാരിച്ചത്. മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തി. അതിനുശേഷം വിദേശ രാജ്യത്ത് നിന്നാണ് എന്ന് സംശയിക്കാവുന്ന കുറേ കോളുകൾ കൂടി വന്നിരുന്നുവെന്നും താൻ എടുത്തില്ലെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു.

മുമ്പും ഇത്തരത്തിൽ ഭീഷണി ലഭിച്ചപ്പോൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല എന്നും ഭഗ്യലക്ഷ്മി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിനുശേഷവും അതിനുമുൻപും ആക്രമിക്കപ്പെട്ട നടിക്കൊപ്പം എപ്പോഴും നിലയുറപ്പിച്ചവരിൽ പ്രമുഖയായിരുന്നു ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി നീതിപൂർവമല്ലെന്നുള്ള പ്രതികരണമാണ് ഭീഷണിക്ക് കാരണമെന്നാണ് കരുതുന്നത്.

ദിലീപിനെ ഫെഫ്ക യൂണിയനിൽ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് ഫെഫ്ക ഡബ്ബിങ് ആർടിസ്റ്റ് യൂണിയനിൽ നിന്നും ഭാഗ്യ ലക്ഷ്മി രാജി വെച്ചിരുന്നു.

ഭാഗ്യലക്ഷ്മി സംഘടനയുടെ അഭിമാനമാണെന്നും രാജിയിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ അത് അംഗീകരിക്കുന്നുവെന്നും ഫെഫ്ക കത്തിൽ വിശദീകരിച്ചു. ഫെഫ്കയുടെ രൂപീകരണ കാലം മുതല്‍ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്നു.

Tags:    
News Summary - Bhagyalakshmi threatened that acid will be thrown on her face if she speaks against Dileep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.