പാതയോരങ്ങളിലെ മദ്യശാല; സര്‍ക്കാര്‍ പിന്മാറുന്നു

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യവില്‍പന പാടില്ളെന്ന സുപ്രീംകോടതി വിധിക്കെതിരെ വിശദീകരണ ഹരജിപോയ സര്‍ക്കാര്‍ തീരുമാനത്തില്‍നിന്ന് പിന്മാറുന്നു. സുപ്രീംകോടതി ഉത്തരവ് ബാറുകള്‍ക്ക് ബാധകമാണോയെന്ന് വ്യക്തത വരുത്താനാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഇതിനോടൊപ്പം കള്ള്, വൈന്‍, ബിയര്‍ എന്നിവയെ ‘മദ്യ’മായി പരിഗണിക്കരുതെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. മദ്യത്തിനെതിരായ ശക്തമായ ജനവികാരം അവഗണിച്ചുകൊണ്ട് നടത്തിയ നീക്കം വന്‍വിവാദങ്ങള്‍ക്ക് തുടക്കമിട്ടതോടെയാണ് സര്‍ക്കാര്‍ നാടകീയമായി പിന്മാറുന്നത്. കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി അടിയന്തരമായി പിന്‍വലിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ സുധാകര്‍ പ്രസാദിനോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.  ബിയര്‍ പാര്‍ലറുകളെയും പഞ്ചനക്ഷത്ര ഹോട്ടലുകളെയും വിധിയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഹരജി നല്‍കേണ്ടതില്ളെന്നും വേണമെങ്കില്‍ ബാര്‍ ഹോട്ടലുകള്‍ ഇതിനായി സുപ്രീംകോടതിയെ സമീപിക്കട്ടേയെന്നുമുള്ള നിര്‍ദേശമാണ് എ.ജി നല്‍കിയത്.

ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഹരജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നിലപാട് തെറ്റായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ ആലോചിക്കുന്നതെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മദ്യനിരോധനമല്ല, വര്‍ജനമാണ് സര്‍ക്കാര്‍ നയം. അതിനായി സദുദ്ദേശ്യത്തോടെ നടപ്പാക്കുന്ന തീരുമാനങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നത് ശരിയല്ളെന്ന് എക്സൈസ് ഉന്നതന്‍ പറഞ്ഞു. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നതായാണ് വിവരം. ബിയര്‍ ഉള്‍പ്പെടെയുള്ളവയെ മദ്യമായി പരിഗണിക്കേണ്ടതില്ളെന്ന നിലപാട് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് അദ്ദേഹത്തിനുള്ളതെന്നറിയുന്നു.  എന്നാല്‍, മദ്യനയത്തില്‍ സര്‍ക്കാറിന്‍െറ ഇരട്ടത്താപ്പ് പുറത്തായതിന്‍െറ ജാള്യമാണ് നിലപാട് മാറ്റത്തിന് പിന്നിലെന്നും സൂചനയുണ്ട്. ഡിസംബര്‍ 15ന് വന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തെലങ്കാന ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ പാതയോരങ്ങളിലെ കള്ളുഷാപ്പുകളും ബിയര്‍പാര്‍ലറുകളും ചില്ലറവിപണനകേന്ദ്രങ്ങളും ബാറുകളുമുള്‍പ്പെടെ പൂട്ടി. അപ്പോഴും കേരള സര്‍ക്കാര്‍ പഞ്ചനക്ഷത്രബാറുകള്‍ക്കെതിരെ ഒരു നടപടിയും കൈക്കൊണ്ടില്ല. അതേസമയം, ബെവ്കോയുടെ വിപണനശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ നടപടി തുടങ്ങുകയും ചെയ്തു.
പുതുതായി ബാര്‍ലൈസന്‍സ് ലഭിക്കാന്‍ തലസ്ഥാനത്തെ പഞ്ചനക്ഷത്രഹോട്ടല്‍ സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ചയിറക്കിയ ഉത്തരവില്‍ (GO(Rt) No. 78/2017/D ) സുപ്രീംകോടതി വിധി ബാറുകള്‍ക്കും ബാധകമാണെന്ന് പറയുന്നുണ്ട്.

വസ്തുത ഇതായിരിക്കെ സര്‍ക്കാര്‍ വൈകിയവേളയില്‍ സുപ്രീംകോടതിയെ സമീപിച്ചത് മദ്യവ്യവസായികള്‍ക്ക് ഒത്താശ ചെയ്യാനാണെന്ന് മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കഴിഞ്ഞ സര്‍ക്കാറിന്‍െറ മദ്യനയം ഫലവത്തല്ളെന്നാണ് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ആവര്‍ത്തിക്കുന്നത്. മദ്യവില്‍പന കുറഞ്ഞെങ്കിലും വീര്യംകൂട്ടി ബിയര്‍ വില്‍ക്കുകയാണെന്നാണ് മന്ത്രിയുടെ വാദം. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ പൊതുനിലപാടാണ് മന്ത്രി പറഞ്ഞത്. അതേ സര്‍ക്കാര്‍തന്നെയാണ് ബിയറിനെ ‘മദ്യ’മായി കണക്കാക്കരുതെന്ന് കോടതിയില്‍ നിലപാടെടുത്തത്. ഇതു വ്യക്തമാക്കുന്നത് സര്‍ക്കാറിന്‍െറ ഇരട്ടത്താപ്പാണെന്നും ആരോപണമുണ്ട്.  

അതേസമയം, മദ്യശാലകള്‍ മാറ്റാനുള്ള വിധിയില്‍ 2018വരെ സമയംതേടി ബിവറേജസ് കോര്‍പറേഷന്‍ സുപ്രീംകോടതിയെ സമീപിക്കും. മദ്യശാലകള്‍ മാറ്റുമ്പോള്‍ പകരം സ്ഥലം കണ്ടത്തൊന്‍ കൂടുതല്‍ സമയം വേണ്ടതിനാലാണ് കോര്‍പറേഷന്‍ ഹരജി നല്‍കുന്നത്.

Tags:    
News Summary - bevco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.