ബംഗളൂരു: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ യുവതികളെ ഒമ്പത് മണിക്കൂർ ബന്ദികളാക്കിയതായി പരാതി. ഇവരോട് തട്ടിപ്പുകാർ നഗ്നരാകാനും ആവശ്യപ്പെട്ടു. മെഡിക്കൽ പരിശോധനയുടെ പേരിലാണ് നഗ്നരാകാൻ ആവശ്യപ്പെട്ടതെന്നാണ് വിവരം. പൊലീസ് ഓഫീസർമാർ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന് കർണാടക പൊലീസ് വ്യക്തമാക്കി.
താനും തന്റെ തായ്‍ലാൻഡിൽ നിന്നുള്ള സുഹൃത്തുമാണ് തട്ടിപ്പിനിരയായതെന്ന് ബംഗളൂരു സ്വദേശിയായ യുവതി നൽകിയ പരാതിയിൽ പറയുന്നു. മുംബൈയിലെ കോളാബ പൊലീസ് സ്റ്റേഷനിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.
ജൂലൈ 17നാണ് പൊലീസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെടുന്നവരുടെ കോൾ സുഹൃത്തിന് ലഭിച്ചത്. ജെറ്റ് എയർവേയ്സ് അഴിമതിയിൽ പങ്കുണ്ടെന്നായിരുന്നു തട്ടിപ്പുകാർ ആരോപിച്ചത്. കള്ളപ്പണം വെളുപ്പിക്കലിലും തട്ടികൊണ്ട് പോകലിലും കൊലപാതകത്തിൽ വരെ പങ്കുണ്ടെന്നും ഇവർ ആരോപിച്ചു. തുടർന്ന് തട്ടിപ്പുകാരുടെ ഭീഷണിക്ക് വഴങ്ങി 58,447 രൂപ സുഹൃത്ത് തടിപ്പുകാർക്ക് അയച്ചുനൽകി.
പിന്നീട് സി.ബി.ഐ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ചിലർ വിളിച്ചുവെന്നും അവരാണ് നഗ്നരാകാൻ ആവശ്യപ്പെട്ടതെന്നും പരാതിയിൽ പറയുന്നു. ഏകദേശം ഒമ്പത് മണിക്കൂർ നേരം ഇത്തരത്തിൽ നിൽക്കേണ്ടി വന്നു. പിന്നീട് വാട്സാപ്പിലൂടെ സുഹൃത്തിന് മെസേജ് അയച്ചപ്പോൾ അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് കോൾ കട്ട് ചെയ്തതെന്ന് പരാതിയിൽ വ്യക്തമാക്കി.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്ന് കർണാടക പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ പ്രതികളിലേക്ക് എത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.