ത്യശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിലെ പൊലീസ് മർദന വിവരങ്ങൾ അടിയന്തരമായി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമീഷൻ അംഗം വി. ഗീത തൃശൂർ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി.
മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണം. മാധ്യമങ്ങളിൽ മർദന ദ്യശ്യങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പൊതുപ്രവർത്തകനായ ചൊവ്വന്നൂർ സ്വദേശി സുജിത്തിനെ മർദിക്കുന്ന ദ്യശ്യങ്ങളാണ് പുറത്തുവന്നത്.
വി.എസ്. സുജിത്തിനെ അകാരണമായി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നയള രണ്ടു വർഷത്തെ നിയമ പോരാട്ടത്തിന്റെ ഫലമായി. സംഭവത്തിന് ശേഷം കേസിന്റെ ഭാഗമായി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവ നഷ്ടപ്പെട്ടെന്നായിരുന്നു മറുപടി ലഭിച്ചത്.
പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സുജിത്തിന്റെ മൊഴിയെടുത്തിരുന്നെങ്കിലും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ പോലും തയാറായില്ല. ഇതിനിടെ സ്റ്റേഷൻ ദൃശ്യങ്ങൾ സൂക്ഷിച്ചുവെക്കണമെനാവശ്യപ്പെട്ട് കോടതിയിൽ അഭിഭാഷകൻ മുഖേന ഹരജി സമർപ്പിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകുകയും ചെയ്തു.
ദൃശ്യങ്ങൾ പരാതിക്കാരനായ സുജിത്തിന് ചൊവ്വാഴ്ച രാത്രി എസ്.പി ഓഫിസിൽനിന്നാണ് കൈമാറിയത്. സംഭവ ദിവസം രാത്രി 11 മുതലുള്ള ആറ് മണിക്കൂർ നേരത്തെ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ട പ്രകാരം ലഭിച്ചത്.
തിരുവനന്തപുരം: തൃശൂര്‍ ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്തിനെ മർദിച്ച പൊലീസുകാരെ സര്‍വിസില്‍ നിന്ന് പുറത്താക്കി നിയമ നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്.
പൊതുജനത്തോടുള്ള പൊലീസിന്റെ ക്രൂരത പ്രകടമാക്കുന്നതാണ് ദൃശ്യങ്ങളിലെ കൊടിയ മദനം. പൊലീസ് മർദിക്കുന്ന സി.സി.ടി.വി ദൃശ്യം കേരള മനഃസാക്ഷിയെ നടുക്കുന്നതാണ്. നീതി നടപ്പാക്കേണ്ട പൊലീസാണ് ക്രിമിനല്‍ സംഘങ്ങളെപ്പോലെ പെരുമാറിയത്. കുറ്റക്കാർക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സര്‍ക്കാര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.