ഷിജി രാജ്
കട്ടപ്പന: ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസറും അറസ്റ്റിൽ. നാലാം പ്രതി കിഴുകാനം ബീറ്റ് ഫോറസ്റ്റ് ഓഫിസർ തിരുവനന്തപുരം പാലോട് കള്ളിപ്പാറ കിഴക്കേക്കര വീട്ടിൽ ഷിജി രാജിനെയാണ് (49) പീരുമേട് ഡിവൈ.എസ്.പി ജെ.കുര്യാക്കോസ് അറസ്റ്റ് ചെയ്തത്. കട്ടപ്പന ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഷിജി രാജിനെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്നാം പ്രതി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വി. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തു.
അതിനിടെ, ഹൈകോടതി നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായ സ്പെഷൽ റിക്രൂട്ട്മെന്റ് വാച്ചർമാരായ മത്തായിപ്പാറ മക്കാനിക്കൽ ടി.കെ. ലീലാമണി (42), ഇടുക്കി കോളനി, നീലാനപ്പാറയിൽ കെ.എൻ. മോഹനൻ (46), മത്തായിപ്പാറ കവലയിൽ കെ.ടി. ജയകുമാർ (41) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നൽകി വിട്ടു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഒന്നും രണ്ടും പ്രതികളായ കിഴുകാനം സെക്ഷൻ ഫോറസ്റ്റർ വി. അനിൽകുമാർ (51), ബീറ്റ് ഫോറസ്റ്റ് ഓഫിസർ വി.സി. ലെനിൻ (39) എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവർ പീരുമേട് സബ് ജയിലിൽ റിമാൻഡിലാണ്.
ഡി.എഫ്.ഒ അടക്കം വനം വകുപ്പിലെ 13 പേരാണ് കേസിലെ പ്രതികൾ. ഇതിൽ ഒരാൾ മരിക്കുകയും രണ്ട് പേർ ജില്ല കോടതിയിൽ കീഴടങ്ങി റിമാൻഡിൽ കഴിഞ്ഞ് ജാമ്യം നേടുകയും ചെയ്തിട്ടുണ്ട്. എട്ടുപേർ മുൻകൂർ ജാമ്യം തേടിയെങ്കിലും ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതി കഴിഞ്ഞദിവസം തള്ളി. തുടർന്നാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുൽ, മൂന്നാം പ്രതി സീനിയർ ഗ്രേഡ് ഡ്രൈവർ കാഞ്ചിയാർ വടക്കൻ വീട്ടിൽ ജിമ്മി ജോസഫ്, മുൻകൂർ ജാമ്യം പരിഗണിച്ച രണ്ട് വാച്ചർമാർ എന്നിവരാണ് കേസിൽ ഇനിയും അറസ്റ്റിലാകാനുള്ളത്.
വനം വകുപ്പ് ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ. എസ്. അരുണാണ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
2022 സെപ്റ്റംബർ 20നാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് കണ്ണംപടി മുല്ല പുത്തൻപുരക്കൽ സരുൺ സജിയെ കിഴുകാനം ഫോറസ്റ്റർ അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കള്ളക്കേസെടുത്ത നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് സരുൺ സജി നൽകിയ പരാതിയിൽ പൊലീസ് 13 വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.