‘അരി വാങ്ങാൻ റേഷൻകടയിൽ പോയി വിരൽ പതിക്കണം, മദ്യം വീട്ടുപടിക്കൽ എത്തിച്ച് തരും’

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിന്‍റെ മദ്യനയത്തിനെതിരെ രൂക്ഷ വിമർശനവുമായി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ. വിശപ്പിന് അരിവാങ്ങാൻ റേഷൻകടയിൽ പോയി വിരൽ പതിക്കണം, എന്നാൽ മദ്യം വീട്ടുപടിക്കൽ എത്തിച്ച് തരികയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വീട്ടകങ്ങളിൽ ഭയന്നുകഴിയേണ്ടിവരുന്ന കുഞ്ഞുങ്ങളെയും വീട്ടമ്മമാരെയും ഓർത്ത് മദ്യനയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്ത് 29 ബാറുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അവയുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. ജോലികഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഗൃഹനാഥനെ പേടിച്ച് കഴിഞ്ഞിരുന്ന വീടുകളിൽ ഇനി മുതൽ മദ്യപർക്ക് രാവിലെ മുതൽ കുടിച്ച് കുടുംബം തകർക്കാം. ആരോഗ്യത്തിന് ഹാനീകരമായ വസ്തുവിനെ ലളിതവൽക്കരിച്ച് വീടുകളിലേക്ക് ആനയിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നത് ഭൂഷണമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ്:

'കേരളത്തെ മദ്യവിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണ് എൽ.ഡി.എഫ് സർക്കാർ', 'എൽ.ഡി.എഫ് വന്നാൽ മദ്യവർജ്ജനത്തിനായി ജനകീയ പ്രസ്ഥാനം ആരംഭിക്കും', 'ഞങ്ങൾ തുറക്കുന്നത് നിങ്ങൾ പൂട്ടിയ ബാറുകളല്ല സ്ക്കൂളുകളാണ്'. പരസ്യവാചകങ്ങൾക്ക് കേവലം വിപണി താൽപ്പര്യങ്ങൾ മാത്രമേയുള്ളൂ എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് മുകളിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന നയവാചകങ്ങൾ. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്ത് കേവലം 29 ബാറുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അവയുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. മദ്യനയം എന്നത് ജലരേഖയായി മാറുന്നത് ദൈനംദിന വാർത്തകളിലൂടെ മലയാളി കണ്ടുകൊണ്ടിരിക്കുന്നു. വിശപ്പിന് അരിവാങ്ങാൻ റേഷൻകടയിൽ പോയി വിരൽ പതിക്കണം. അതേസമയം മദ്യം വീട്ടുപടിക്കൽ എത്തിച്ച് തരും. ജോലികഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഗൃഹനാഥനെ പേടിച്ച് കഴിഞ്ഞിരുന്ന വീടുകളിൽ ഇനി മുതൽ മദ്യപർക്ക് രാവിലെ മുതൽ കുടിച്ച് കുടുംബം തകർക്കാം. ആരോഗ്യത്തിന് ഹാനീകരമായ ഒരു വസ്തുവിനെ ഇത്രയും ലളിതവൽക്കരിച്ച് വീടുകളിലേക്ക് ആനയിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നത് ഒട്ടും ഭൂഷണമല്ല. സർക്കാരിന്റെ മദ്യനയം വികലമാണെന്ന് പ്രധാനഘടക കക്ഷിയായ സി.പി.ഐ തന്നെ കുറ്റപ്പെടുത്തിക്കഴിഞ്ഞു. ഈ നയം കുടുംബാന്തരീക്ഷത്തെ അപകടത്തിലാക്കും. തിരുത്തണം... വീട്ടകങ്ങളിൽ ഭയന്നുകഴിയേണ്ടിവരുന്ന കുഞ്ഞുങ്ങളെയും, വീട്ടമ്മമാരെയും ഓർത്ത് തിരുത്തണം...
-ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ

Full View

Tags:    
News Summary - Baselios Marthoma Mathews III criticize LDF govt liquor policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.