മലപ്പുറം: സി.പി.എം നേതാവും തിരുവമ്പാടി ഏരിയാ കമ്മിറ്റിയംഗവുമായ നാസർ കൊളായി ഉയർത്തിയ ലൈംഗികാരോപണങ്ങൾക്ക് മറുപടിയുമായി സമസ്ത നേതാവും ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലറുമായ ഡോ. ബഹാഉദ്ദീൻ നദ്‍വി. ആരോപണത്തിന് തെളിവായി നാസർ ചൂണ്ടിക്കാട്ടിയ പുസ്‍തകം പ്രസിദ്ധീകരിക്കുന്ന 1989 കാലഘട്ടത്തിൽ താൻ കർണാടകയിൽ യാത്ര ചെയ്തിട്ടില്ലെന്നും കാക്കനാടനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും അന്ന് തന്റെ താടി നരച്ചിട്ടില്ലെന്നും നദ്‍വി വ്യക്തമാക്കി. താൻ അക്കാലത്ത് ജുബ്ബ ധരിക്കാറില്ലെന്നും അതിന് അക്കാലത്തുള്ള ഫോട്ടോകൾ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേര് പറഞ്ഞ് ആരെങ്കിലും അഭിനയിച്ചതാവാമെന്നും നദ്‍വി വ്യക്തമാക്കി.
കാക്കനാടന്‍ എഴുതിയ കുടജാദ്രിയിലെ സംഗീതമെന്ന പൂര്‍ണ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകത്തെ ഉദ്ധരിച്ചായിരുന്നു നാസറിന്റെ വിവാദ പരാമര്‍ശം. ബസിലുള്ള സ്ത്രീയോട് മോശമായി പെരുമാറിയെന്ന പുസ്തകത്തിലെ ഭാഗം വായിച്ചാണ് നദ്‌വിക്കെതിരെ നാസര്‍ ഗുരുതര ആരോപണമുന്നയിക്കുന്നത്. നദ്‍വി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും നാസർ പറഞ്ഞിരുന്നു. ദാറുൽ ഹുദക്കെതിരെ മലപ്പുറം ചെമ്മാട് സി.പി.എം നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു നാസര്‍ കൊളായിയുടെ പരാമർശം. എന്നാൽ, ജീവതത്തിൽ ഇന്നേവരെ താൻ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് നദ്‍വി വ്യക്തമാക്കി.
നാസർ കൊളായി പ്രസംഗത്തിൽ പറയുന്നത് ഇങ്ങനെ; ‘പൂർണ പബ്ലിക്കേഷനിൽ കിട്ടുന്നൊരു പുസ്തകമുണ്ട്. പുസ്തകത്തിന്റെ പേര് 'കുടജാദ്രിയിൽ'. ഇത് എഴുതിയാളുടെ പേര് കാക്കനാടൻ. അതില്‍ കുറെയുണ്ട്. അതില്‍ പ്രസക്തമായത് മാത്രം വായിക്കുകയാണ്: ‘ബസ് വീണ്ടും നീങ്ങി. ഒരു ബസിലുള്ള യാത്രയാണ്. ആര്, കാക്കനാടൻ ബസിൽ യാത്ര ചെയ്യുന്നു. ബസിൽ കുറെ യാത്രക്കാരുണ്ട്’.
‘ബസ് വീണ്ടും നീങ്ങിയപ്പോഴേക്കും നമ്മുടെ ശൃംഗാരിപ്പെണ്ണ് ഏറെ ശ്രദ്ധയാകർഷിച്ചു. അടുത്ത സീറ്റിലിരുന്ന പുരുഷനോട്, അപരിചിതനായ പുരുഷനോട് അവൾ സംസാരിക്കുകയും ഉച്ചത്തിൽ ചിരിക്കുകയും ചെയ്തു. അവൾ ബസിൽ നിറയാൻ തുടങ്ങി. അവളിൽ നിന്ന് എന്റെ ശ്രദ്ധ പിടിച്ചെടുത്തത് മുൻ സീറ്റിലിരുന്ന മധ്യവയസ്‌കനായൊരു മുസ്‌ലിമാണ്. വട്ടമുഖം, നരവീണ് തുടങ്ങിയ താടി, തലപ്പാവ്, ജുബ്ബ, മുണ്ട്. എന്റെ കൈവശമുണ്ടായിരുന്ന ചില ലഘുഗ്രന്ഥങ്ങൾ അദ്ദേഹം വാങ്ങിനോക്കി.
അങ്ങനെയാണ് ഞങ്ങൾ തമ്മിൽ ആദ്യ സമ്പർക്കമുണ്ടായത്. സംസാരിച്ച് തുടങ്ങിയപ്പോൾ അദ്ദേഹം ഇസ്‌ലാമിനെക്കുറിച്ചും സന്മാർഗത്തെക്കുറിച്ചുമൊക്കെ പറഞ്ഞു. ഒരു വിശുദ്ധനെപ്പോലെ അഭിനയിച്ചു. പക്ഷേ പ്രവൃത്തിയിൽ അത്ര വിശുദ്ധനല്ലെന്ന ധാരണയാണ് എനിക്കുണ്ടായത്. അയാളുടെ മുൻസീറ്റിലിരുന്ന ശൃംഗാരിപ്പെണ്ണിനോടുള്ള പെരുമാറ്റം, വിശുദ്ധന് ചേർന്നതായി തോന്നിയില്ല.
ചിലപ്പോൾ എന്റെ നോട്ടപ്പിശക് ആകാം. വിശുദ്ധന്റെ നാവ് കുഴയുന്നുണ്ടായിരുന്നു. ഏതോ ലഹരി പദാർഥം പുള്ളിയുടെ ഉള്ളിൽകിടന്ന് കളിക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു. അതോ ഇനി വിശ്വാസത്തിന് നാവ് കുഴക്കാൻ വേണ്ടത്ര ലഹരിയുണ്ടോ? ഇസ്‌ലാമും ക്രിസ്തുമതവും എന്നൊരു പുസ്തകം അദ്ദേഹം എനിക്ക് തന്നു. സ്വന്തം രചനയാണെന്ന് അവകാശപ്പെട്ടു. അങ്ങനെയാണ് അദ്ദേഹത്തിന്റെ പേര് ഞാൻ കണ്ടുപിടിച്ചത്. ഗ്രന്ഥകർത്താവിന്റെ പേര് ബഹാഉദ്ദീൻ കൂരിയാട്’. ഇത് താന്‍ പറയുന്നതല്ലെന്നും തന്റെ തലയില്‍ കയറാന്‍ വരണ്ടെന്നും നാസര്‍ സൂചിപ്പിച്ചു. പൂര്‍ണ പബ്ലിക്കേഷനില്‍ പുസ്തകം കിട്ടും. പുസ്തകമെഴുതിയത് കാക്കനാടന്‍ ആണ്. വായിച്ചറിവേ എനിക്കുള്ളുവെന്നും നാസര്‍ കൂട്ടിച്ചേർത്തു.
‘‘പ്രിയപ്പെട്ടവരേ,
തൊട്ടടുത്ത ദിവസം പുതിയൊരു വാർത്തയുമായി ചിലർ രംഗത്തുവന്നതായി അറിഞ്ഞു. കുടജാദ്രിയുടെ സംഗീതം എന്ന കാക്കനാടന്റെ കഥയിൽ എന്റെ പേര് പരാമർശിച്ച സംഭവമാണ് പറഞ്ഞത്. കർണാടകയിലൂടെ സഞ്ചരിച്ച ടൂറിസ്റ്റ് ബസിൽ ഞാനൊരു യാത്രക്കാരനായിരുന്നു, മദ്യപിച്ച ലക്ഷണം എന്നിൽ ഉണ്ടായിരുന്നു, എന്റെ അടുത്തിരുന്ന യുവതിയുമായി ഞാൻ അസാൻമാർഗിക രീതിയിലുള്ള സമീപനം നടത്തിയിരുന്നു, അവസാനം ഞാൻ എഴുതിയ ഇസ്‍ലാമും ക്രിസ്തുമതവും ഞാൻ കാക്കനാടന് കൈമാറി എന്നൊക്കെയാണ് അതിന്റെ ചുരുക്കം.
കാക്കനാടൻ എന്ന ജോർജ് വർഗീസ് കാക്കനാടൻ അറിയപ്പെടുന്ന മലയാള സാഹിത്യകാരനാണ്. കുടജാദ്രിയുടെ സംഗീതം എന്ന അദ്ദേഹത്തിന്റെ കഥ 1989ലാണ് പുസ്തക രൂപത്തിൽ പ്രകാശിതമായത്. അതിന് മുമ്പ്, 1987കളിൽ ആനുകാലികങ്ങളിൽ ഇത് തുടർലേഖനമായി എഴുതിയിരുന്നു. അന്ന് കോട്ടക്കലിലെ കുഴിപ്പുറം മെഡിക്കൽസ് ഉടമ ഇസ്ഹാഖ് സാഹിബ് എന്നെ വിളിച്ച് കർണാടകയിലൂടെ യാത്ര ചെയ്തിരുന്നോ എന്ന് എന്നോട് അന്വേഷിച്ചു. വാരികയിൽ എന്നെ സംബന്ധിച്ച് കാക്കനാടൻ എഴുതിയ കാര്യവും അദ്ദേഹം പറഞ്ഞു. ഞാൻ കർണാടകയിൽ ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്തിട്ടില്ലെന്നും എന്റെ പേര് പറഞ്ഞ് ആരെങ്കിലും അഭിനയിച്ചതാവാമെന്നും അദ്ദേഹത്തോട് പറഞ്ഞു. (ഇസ്ഹാഖ് സാഹിബ് ഇപ്പോഴും കോട്ടക്കലിൽ മെഡിക്കൽ ഷോപ്പ് നടത്തുന്നുണ്ട്).
നാക്ക് കുഴയുന്ന രീതിയിൽ മദ്യപിച്ച്, ശൃംഗാരിപ്പെണ്ണുമായി ഇടപഴകി സംസാരിച്ച്, ജുബ്ബയും തൊപ്പിയും ധരിച്ച മധ്യവയസ്കനായ എന്നെ കണ്ടു എന്നൊക്കെയാണ് കാക്കനാടൻ എഴുതിയത്. കാക്കനാടനൊപ്പം ഞാൻ യാത്ര ചെയ്തിട്ടില്ല എന്നുമാത്രമല്ല, അദ്ദേഹത്തെ എനിക്കറിയുകയോ ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടുമില്ല. എന്റെ പുസ്തകം കാക്കനാടനെന്നല്ല, വേറെയാർക്കും ഞാൻ കൊടുത്ത് സ്വയം പരിചയപ്പെടുത്തുന്ന രീതി എനിക്കില്ല. ഞാൻ രചിച്ചതിൽ ഇസ്‍ലാമും ക്രിസ്തുമതവും എന്ന പുസ്തകത്തേക്കാൾ പ്രാധാന്യമുള്ള നിരവധി പുസ്തകങ്ങൾ വേറെ ഉണ്ട്. അതൊന്നും ഞാൻ എഴുതിയതാണെന്ന് പറഞ്ഞ് ആർക്കും കൊടുക്കാറില്ല. വല്ലപ്പോഴും ആർക്കെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ തന്നെ അത് ഞാൻ എഴുതിയതാണെന്ന് പരിചയപ്പെടുത്താറില്ല.
1985ൽ എനിക്ക് 35ൽ താളെയാണ് പ്രായം.നരച്ച താടി അന്നെനിക്കില്ല. 1997ലാണ് എന്റെ താടി നരക്കാൻ തുടങ്ങിയത്. അന്ന് ഞാൻ ജുബ്ബ ധരിക്കാറില്ല. എന്റെ വേഷം എല്ലാവർക്കും സുപരിചിതമായിരുന്നു.
ഈ വിഷയം വിശദീകരിച്ച് അന്ന് ചന്ദ്രിക ദിനപത്രത്തിൽ ഞാൻ അയക്കുകയും വായനക്കാരുടെ കുറിപ്പിൽപ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതിന്റെ കൃത്യമായ തീയതി ഓർക്കുന്നില്ല. ഈ വിഷയം 10-15 വർഷത്തിന് ശേഷം ആലുവയിലെ ചില ത്വരീഖത്തുകാർ വലിച്ച് പുറത്തിട്ടിരുന്നു. അന്നവർക്ക് സ്റ്റേജുകളിലൂടെ ചിലരൊക്കെ മറുപടി നൽകിയിരുന്നു. ഞാൻ അതിൽ ഇടപെട്ടിട്ടില്ല. അതുപോലുള്ള ചില തൽപര കക്ഷികളാണ് ഇപ്പോൾ വീണ്ടും രംഗത്തുവന്നത്. അതിന് കാരണം, പ്രവാചകന്റെ വ്യക്തിത്വം സംബന്ധിച്ചുള്ള പ്രസംഗത്തിൽ ശൈശവ വിവാഹം ഒരു നൂറ്റാണ്ട് മുമ്പ് വരെ കേരളത്തിൽ നിലനിന്നിരുന്നു എന്ന് ജനങ്ങൾക്ക് മനസ്സിലാകാൻ വേണ്ടി ഇ.എം.എസിന്റെ മാതാവിന്റെ വിവാഹ പ്രായം 11 വയസ്സായിരുന്നു എന്ന് ഓർമിപ്പിച്ചിരുന്നു. അതിന്റെ പേരിൽ ഇ.എം.എസിനെയോ അദ്ദേഹത്തിന്റെ മാതാവിനെയോ അപഹസിക്കുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന് ഞാൻ അതിന്റെ കൂടെ തന്നെ പറഞ്ഞിരുന്നു. എന്നാൽ, എന്നെ അടിക്കാനുള്ള വടിയായി തൽപരകക്ഷികൾ ഈ അവസരം ഉപയോഗിക്കുകയായിരുന്നു. ഇതേക്കുറിച്ച് മാധ്യമങ്ങളോട് ഞാൻ വിശദീകരിച്ചിരുന്നു.
കുടജാദ്രിയുടെ സംഗീതത്തിൽ കാക്കനാടന്റെ പരാമർശം സംബന്ധിച്ച് എനിക്ക് പറയാനുള്ള കാര്യങ്ങൾ ഇതാണ്:
1. ഞാൻ അന്ന് ജുബ്ബ ധരിക്കാറില്ല.
2. എനിക്ക് താടിയുണ്ടെങ്കിലും നരച്ചിട്ടില്ല.
3. ഞാൻ ആ കാലഘട്ടങ്ങളിലൊന്നും കർണാടകയിൽ ടൂറിസ്റ്റ് ബസിൽ യാത്രചെയ്തിട്ടില്ല.
4. ഞാൻ ജീവിതത്തിൽ ഇന്നേവരെ മദ്യപിച്ചിട്ടില്ല.
ആകാലത്തുണ്ടയിരുന്ന എന്റെ ഫോട്ടോകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1986ൽ ദാറുൽ ഹുദ തുടങ്ങുന്ന കാലത്ത് കണ്ണിയത്ത് ഉസ്താദിന്റെ കൂടെയുള്ള എന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഒരുമുടിയും നരക്കാത്ത യുവാവാണ് ഞാൻ. അന്നെനിക്ക് ഏകദേശം 35 വയസ്സാണ്. തൽപരകക്ഷികളുടെ ആരോപണങ്ങളിൽ തെറ്റിദ്ധാരണയിൽ അകപ്പെടരുത് എന്ന് അഭ്യർഥിക്കാനാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.