‘കുടുംബം നോക്കുന്ന പൊന്നുമോനാണ്, ടാങ്കിന് ചോർച്ചയെന്ന് പറഞ്ഞാണ് അയാൾ മയക്കുമരുന്ന് ഒളിപ്പിച്ചത്... ഓ​നെ ചതിച്ചതാ...’ -സൗദിയിൽ വധശിക്ഷക്ക് വിധേയനായ അബൂട്ടിയുടെ മാതാവ്

കണ്ണൂർ: സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനായ മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളയിൽ നിരപരാധിയാണെന്നും സുഹൃത്ത് ചതിച്ചതാണെന്നും മാതാവ് ഷാഹിദ. സുഹൃത്തിന്റെ വാക്കുകൾ വിശ്വസിച്ചാണ് അയാളുടെ വാഹനം ഓടിച്ച് അബുട്ടി സൗദിയിലേക്ക് പോയതെന്നും എന്നാൽ അതിൽ മയക്കുമരുന്ന് ഒളിപ്പിച്ച് വെച്ച് ചതിയിൽപെടുത്തുകയായിരുന്നുവെന്നും മാതാവ് പറയുന്നു

‘സൗദിയിൽ പോയാൽ വിസ ശരിയാകുമെന്ന് പറഞ്ഞു. ദുബൈയിൽ നിന്ന് വന്നതിന്റെ ക്ഷീണമുണ്ടെന്നും ഇന്ന് പോകാൻ പറ്റില്ലെന്നും മോൻ പറഞ്ഞതായി എന്നോട് പറഞ്ഞിരുന്നു. എന്നാൽ, പോയേ പറ്റൂവെന്നും അല്ലെങ്കിൽ വിസ കാൻസൽ ആകുമെന്നും സുഹൃത്ത് പറഞ്ഞു. ലൈസൻസ് പുതുക്കാമെന്നും വിസ ശരിയാക്കി നാട്ടി​ലേക്ക് അയക്കാമെന്നും മോനോട് പറഞ്ഞു. അതിനായി പാസ്പോർട്ടും ലൈസൻസിന്റെ കടലാസും വാങ്ങി. എന്നിട്ട് എന്തായാലും ഇന്ന് തന്നെ പോകണംന്ന് പറഞ്ഞു.

എന്നിട്ട്, ഒരു ടാങ്ക് ചോരുന്നുണ്ടെന്നും മറ്റേ ടാങ്കിൽ എണ്ണ അടിച്ചോ എന്നും പറഞ്ഞു കൊടുത്തു. എന്റെ  മോന് വണ്ടി കൊടുത്തു. സൗദിന്റെ അറ്റംവരെ പോകണം എന്ന് പറഞ്ഞിരുന്നു. എന്റെ പൊന്നുമോനാണത്. കുടുംബം നോക്കുന്ന മോനാണത്. എന്റെ മോൻ ഒരിക്കലും ആ പണിയെടുക്കൂല. ഇത് ചെയ്തവർക്ക് അല്ലാഹു കണക്ക് തീർത്തിട്ടേ പോകൂ. ഉമ്മാ ഞാൻ സൗദിയിൽ എത്തി എന്ന് പറഞ്ഞിട്ട് എന്റെ പൊന്നുമോൻ എന്നെ വിളിച്ചിരുന്നു.... പിന്നെ എന്റെ മോനെ കാണുന്നില്ല....’ -ഷാഹിദ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

വാഹനം സൗദിയിൽ എത്തിച്ചാൽ നേരെ നാട്ടിലേക്ക് വരുമെന്ന് അബുട്ടി വീട്ടിൽ വിളിച്ചറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബം അബുട്ടി​യെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തി. എന്നാൽ, അബുട്ടി എത്താതിരുന്നതോടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. രണ്ടാഴ്ചക്ക് ശേഷമാണ് സൗദിയിലെ ജയിലിലാണെന്ന് കുടുംബം അറിയുന്നത്.

പിന്നീട് ജയിലിൽ നിന്ന് അബൂട്ടി വിളിച്ചപ്പോഴാണ് വാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതായും താൻ സുഹൃത്തിന്റെ ചതിയിൽപെട്ടെന്നും പറഞ്ഞതെന്ന് ഷാഹിദ കണ്ണീരോടെ ഓർക്കുന്നു. അബുട്ടിയുടെ നിരപരാധിത്വം തെളിയിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉമ്മയും ഭാര്യയും സഹോദരിമാരും സൗദിയിലെ ഇന്ത്യൻ അംബാസിഡർക്ക് ദയാഹർജി നൽകിയിരുന്നു. എന്നാൽ മകന്റെ ജീവൻ രക്ഷിക്കാനായില്ലെന്ന് കുടുംബം പറയുന്നു.

അബൂട്ടിയെ കണ്ണൂരിലുള്ള ഒരു വ്യക്തി ചതിച്ചതാണെന്ന് സഹോദരിയും വ്യക്തമാക്കി. ‘വണ്ടിയിൽ മയക്കുമരുന്ന് വെച്ച് കൊടുത്തിട്ട് അയച്ചതാണ്. ആണായിട്ട് നമ്മുടെ വീട്ടിൽ ആകെയുള്ള ആളാണ് അബൂട്ടി. ഉമ്മാക്കും നമുക്ക് മൂന്ന് പെങ്ങന്മാര്‍ക്കും എല്ലാവർക്കും കൂടിയുള്ള ആങ്ങള. സുഹൃത്തിനോട് ഒരു വിസക്ക് അവൻ ചോദിച്ചിരുന്നു. ഓന് അവർ വിസ കൊടുത്തു. എന്നിട്ട് ആദ്യം ദുബായിൽ അയച്ച് അത് ക്യാൻസൽ ആക്കി. എന്നിട്ട് പറഞ്ഞു ദുബായിൽ നിന്ന് ശരിയാകുന്നില്ല, സൗദിയിൽ പോകണം എന്ന്. ദുബായിൽ നിന്ന് വന്ന് ഒരു വെള്ളിയാഴ്ചയാണ് മസ്കത്തിൽ തിരിച്ച് എത്തിയത്. അന്ന് രാത്രി തന്നെ സൗദിയിലേക്ക് പോകണം എന്ന് പറഞ്ഞു. സൗദിയിൽ എനിക്ക് ആരെയും അറിയില്ലെന്നും ഞാൻ ദുബായിൽ തന്നെ പൊയ്ക്കോളാമെന്നും അവൻ പറഞ്ഞിരുന്നു. ദുബായിൽ അവന്റെ ഫ്രണ്ട്സ് എല്ലാം ഉണ്ട്.

സൗദിയിൽ തന്നെ പോകണം എന്ന് പറഞ്ഞ് നിർബന്ധിച്ചിട്ടാണ് അയക്കുന്നത്. വണ്ടി അവിടെ വെച്ചാൽ മതിയെന്നും അവിടുന്ന് നാട്ടിൽ പോയിട്ട് വരാനും പറഞ്ഞു. അങ്ങനെ ഉമ്മാനെ വിളിച്ചു നാട്ടിൽ വരുന്നുണ്ട് എന്ന് പറഞ്ഞു. ഉമ്മയും അവന്റെ ഭാര്യയും മക്കളും എല്ലാം കൂടി എയർപോർട്ടിലേക്ക് പോയി. അവിടെ പോയി നോക്കുമ്പോൾ ആ ഫ്ലൈറ്റിൽ അവനില്ല.

അവനെ പിടിച്ച ഉടനെ ഫോൺ വാങ്ങി വെച്ചിരുന്നു. അവർ ഫോൺ നോക്കിയിട്ടുണ്ടെങ്കിൽ ഉപകാരമാണെന്നും എല്ലാ തെളിവും എന്റെ ഫോണിൽ ഉണ്ടെന്നും അവൻ പിന്നീട് ജയിലിൽനിന്ന് വിളിച്ചപ്പോൾ പറഞ്ഞിരുന്നു. ഫോൺ വാങ്ങിയ ഉടൻ അവർ ഓഫ് ആക്കി ഇട്ടു. നമ്മൾ ഇടക്കിടെ വിളിച്ചുനോക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് എപ്പോഴോ ഒരു പ്രാവശ്യം ഓൺ ആയിരുന്നു. പക്ഷെ ഫോൺ എടുക്കുന്നില്ല. അവനെ പിടിച്ചത് തന്നെ എന്തിനാണെന്ന് അവൻ അറിഞ്ഞിരുന്നില്ല. രണ്ടാഴ്ച കഴിഞ്ഞിട്ടാ നമ്മൾക്ക് വിവരം കിട്ടുന്നത്.

ഇന്നയാളുടെ വണ്ടിയിലാണ് പോകുന്നതെന്ന് അവൻ ഭാര്യയോട് പറഞ്ഞുകൊടുത്തിരുന്നു. അയാളുടെ വണ്ടിയിലാണ് ഈ സാധനം വെച്ചുകൊടുത്തത്. പോകുന്ന വഴിക്ക് ഇവൻ വീഡിയോ എടുത്തിട്ട് ഒരു ചങ്ങാതിക്ക് അയച്ചിരുന്നു. ആ വിഡിയോ നമുക്ക് കിട്ടിയിരുന്നു. പഴയ വണ്ടിയാ ഇവന് കൊടുത്തത്. പോയാൽ പോകട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവും അവർ’ -സഹോദരി പറഞ്ഞു.

ഒമാനിൽ നിന്ന് സൗദിയിലേക്ക് വാഹനം ഓടിച്ചു പോകുന്നതിനിടെ ബോർഡർ പരിശോധനയിലാണ് 43 കിലോഗ്രാം മയക്കുമരുന്നുമായി അബുട്ടി പിടിയിലായത്. വാഹനത്തിന്റെ പെട്രോൾ ടാങ്കുകളിൽ ഒന്നിൽ ഒളിപ്പിച്ച നിലയിൽ 43 കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തി എന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. ഒമാനിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്ന അബുവിന്റെ വിസ കാലാവധി കഴിഞ്ഞിരുന്നു. പുതിയ വിസ നൽകാമെന്ന് സുഹൃത്ത് പറഞ്ഞതിനെ തുടർന്നാണ് സൗദിയിലേക്ക് പോകാൻ അബു തയ്യാറായതെന്ന് മാതാവ് ഷാഹിദ പറഞ്ഞു. സൗദിയിൽ എത്തിയ ശേഷം നാട്ടിലേക്ക് മടങ്ങാമെന്നും വിസ നാട്ടിലേക്ക് അയച്ചു തരാമെന്നും വാഹനം പിന്നീട് സുഹൃത്ത് എത്തി കൊണ്ടുപോകുമെന്നും പറഞ്ഞിരുന്നു. എന്നാൽ, ചതി അറിയാത്ത അബൂട്ടി പൊലീസിന്റെ പിടിയിലായി. അബുട്ടിയുടെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സൗദിയിലെ ഇന്ത്യൻ അംബാസഡർക്ക് ദയാഹർജി നൽകിയിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്ന് മാതാവ് ഷാഹിദ പറഞ്ഞു. 

Tags:    
News Summary - ‘he was cheated’ -Mother of Abootty executed in Saudi speaks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.