കൊച്ചി: 19 പേരുടെ ദാരുണമരണത്തിനിടയാക്കിയ അവിനാശിയിലെ വാഹനാപകടത്തിെൻറ ഉത്തര വാദിത്തം സംസ്ഥാന സർക്കാറിനും. വാഹനങ്ങളിൽ ജി.പി.എസ് നടപ്പാക്കാതിരുന്ന സർക്കാർ അന ാസ്ഥയാണ് വിമർശനത്തിന് കാരണമായത്. പുതിയ മോട്ടോർ വാഹന നിയമപ്രകാരം നിർബന്ധമാ യ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കർ ഡിവൈസ് ആൻഡ് പാനിക് ബട്ടൺ സംവിധാനം സംസ്ഥാനത്ത് നടപ്പാക്കാത്തതിനെ ദിവസങ്ങൾക്കുമുമ്പ് ഹൈകോടതി വിമർശിക്കുകയും ചെയ്തിരുന്നു. വാഹനങ്ങളുടെ ഗതിയും വേഗവും കൺട്രോൾ റൂമിലിരുന്ന് നിരീക്ഷിക്കാൻ സഹായിക്കുന്ന സംവിധാനം 2019 ഏപ്രിൽ ഒന്നുമുതലാണ് കേന്ദ്രസർക്കാർ നിർബന്ധമാക്കിയത്. ട്രാക്കിങ് സംവിധാനമുണ്ടെങ്കിൽ മാത്രമേ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ നടത്താവൂ എന്ന നിർദേശമുണ്ടായി.
കാര്യക്ഷമത (ഫിറ്റ്നെസ്) പരിശോധനക്ക് എത്തുന്ന പഴയ വാഹനങ്ങളിലും സംവിധാനം നിർബന്ധമാക്കി. അവിനാശിയിൽ അപകടമുണ്ടാക്കിയ കണ്ടെയ്നർ ലോറി 2019 ആഗസ്റ്റ് 20നാണ് എറണാകുളത്ത് രജിസ്റ്റർ ചെയ്യുന്നത്. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ നിയമം നടപ്പാക്കാൻ ബാധ്യതയുണ്ടായിരുന്നെങ്കിലും ട്രാക്കർ സംവിധാനം ഇല്ലാതെ ലോറി രജിസ്റ്റർ ചെയ്തു നൽകി. ട്രാക്കിങ് സംവിധാനം നടപ്പാക്കാൻ സംസ്ഥാന സർക്കാർ കൂടുതൽ സമയം അനുവദിച്ചതിെൻറ ബലത്തിലായിരുന്നു ഇത്.
യാത്രബസുകളിൽ 2020 ഫെബ്രുവരി 12 മുതലും ലോറികളടക്കം ചരക്കുവാഹനങ്ങളിലും കാറുകളിലും മാർച്ച് ഒന്നുമുതലും ട്രാക്കിങ് സംവിധാനം നടപ്പാക്കണമെന്ന നിർേദശം പിന്നീടുണ്ടായെങ്കിലും ബസ് ഉടമസംഘങ്ങളുടെ നിവേദനത്തെത്തുടർന്ന് ഒരുവർഷം നീട്ടി. ചരക്കുവാഹനങ്ങളും ചെറുവാഹനങ്ങളും ഇതേ നീക്കവുമായി സർക്കാറിനെ സമീപിക്കാനൊരുങ്ങുകയാണ്. നിയമം നടപ്പാക്കാൻ കാലാവധി നീട്ടിനൽകാനുള്ള തീരുമാനത്തെ വിമർശിച്ച ഹൈകോടതി ഇക്കാര്യത്തിൽ സർക്കാറിെൻറ വിശദീകരണം തേടിയിട്ടുണ്ട്. നിയമപ്രകാരമുള്ള സുരക്ഷസംവിധാനങ്ങൾ ഒരുക്കാൻ താൽപര്യം കാട്ടാത്ത സർക്കാർ നിലപാടാണ് സംസ്ഥാനത്ത് വാഹനാപകടങ്ങളും ദുരന്തങ്ങളും വർധിപ്പിക്കുന്നതെന്ന നിരീക്ഷണവും കോടതി നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.