ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനം: ഗിയർ മാറ്റാനാവാതെ മോട്ടോർ വാഹനവകുപ്പ് വെട്ടിലാക്കിയത് സ്വന്തം സർക്കുലർ

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങളുപയോഗിക്കാമെന്ന കേന്ദ്ര പരാമർശം സർക്കുലറിൽ കടന്നുകൂടിയത് മോട്ടോർ വാഹനവകുപ്പിനെ വെട്ടിലാക്കുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയം നേരേത്ത ഇതിന് അനുമതി നൽകിയിരുന്നെങ്കിലും മോട്ടോർ വാഹനവകുപ്പ് ഗിയർ വാഹനങ്ങളിൽ കടുംപിടിത്തം തുടരുന്നതിനിടെയാണ് ഇത്തരമൊരു സർക്കുലർ പുറത്തിറങ്ങിയത്.

വിദേശരാജ്യങ്ങളിൽനിന്ന് ഓട്ടോമാറ്റിക് വാഹനങ്ങളിൽ ഡ്രൈവിങ് ലൈസൻസ് നേടിയവർക്ക് സംസ്ഥാനത്ത് ഗ്രൗണ്ട് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് അനുവദിക്കുന്നതിലുള്ള ആശയക്കുഴപ്പം പരിഹരിക്കാൻ മോട്ടോർ വാഹനവകുപ്പ് കേന്ദ്ര ഗതാഗത മന്ത്രാലയത്തോട് വ്യക്തത തേടിയിരുന്നു. ഇതിന് അനുമതി നൽകിയുള്ള മറുപടിയിലാണ് 'മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 10 പ്രകാരം വാഹനത്തിന്‍റെ സ്വഭാവം മാനദണ്ഡമാക്കിയാണ് ലൈസൻസ് നൽകുന്നതെന്നും വാഹനത്തിൽ ഉപയോഗിക്കുന ഇന്ധനമോ ട്രാൻസ്മിഷൻ രീതിയോ (ഗിയറോ ഓട്ടോമാറ്റിക്കോ) പരിഗണിച്ചല്ലെ'ന്നും വിശദീകരണമുള്ളത്. 'ഏത് ട്രാൻസ്മിഷനിലുള്ള വാഹനവും ഡ്രൈവിങ് ടെസ്റ്റിനായി അപേക്ഷകന് അനുവദിക്കാമെന്നും' കേന്ദ്രം കൂട്ടിച്ചേർക്കുന്നു. ഈ പരാമർശം കൂടി ചേർത്താണ് പ്രവാസികൾക്ക് ഗ്രൗണ്ട് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് അനുവദിക്കാമെന്ന സർക്കുലർ മോട്ടോർവാഹനവകുപ്പ് പുറത്തിറക്കിയത്.

ലൈസൻസ് വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സാരഥി സോഫ്റ്റ്വെയറിൽ 'ഓട്ടോമാറ്റിക്' ഓപ്ഷനില്ല. ഇപ്പോൾ പുറത്തിറങ്ങുന്ന പുതിയ വാഹനങ്ങളിൽ പകുതിയും ഓട്ടോമാറ്റിക് ട്രാൻസ്മിഷനായതിനാൽ ഇത്തരം വാഹനങ്ങളിൽ തന്നെ ടെസ്റ്റിന് ഹാജരാകാൻ അനുമതി നൽകണമെന്നും ലൈസൻസിൽ 'എൽ.എം.വി ഓട്ടോമാറ്റിക്' എന്ന് രേഖപ്പെടുത്തണമെന്നുമാണ് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ ആവശ്യം. ഇവർക്ക് ഓട്ടോമാറ്റിക് വാഹനങ്ങൾ മാത്രമേ ഓടിക്കാനും കഴിയൂ. നിലവിൽ ഇരുചക്ര വാഹനങ്ങളിൽ സമാനരീതിയിൽ ക്രമീകരണമുണ്ട്.

ഓട്ടോമാറ്റിക് വാഹനങ്ങളില്‍ പഠിക്കാന്‍ താൽപര്യം കാണിച്ച് ധാരാളംപേര്‍ എത്തുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഏറെ പ്രോത്സാഹിപ്പിക്കുന്ന ഇ-വാഹനങ്ങളും ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്. ഡ്രൈവിങ് ടെസ്റ്റിൽ കർശന നിലപാട് സ്വീകരിക്കുന്ന മോട്ടോർ വാഹനവകുപ്പിന് സർക്കുലറിലെ പരാമർശങ്ങൾ ചെറുതല്ലാത്ത തലവേദനയും ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ട്.

Tags:    
News Summary - Automatic vehicle for driving test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.