പൊതുമേഖല സ്ഥാപനങ്ങളില്‍ ഓഡിറ്റ് നിര്‍ബന്ധമാക്കി; അലംഭാവം വരുത്തിയാൽ കർശന നടപടി

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളില്‍ ഓഡിറ്റ് നിര്‍ബന്ധമാക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വാർഷിക ഓഡിറ്റ് റിപ്പോർട്ടുകൾ ഡിസംബർ മാസത്തിന് മുൻപായി വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടണമെന്ന് അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി ഓഡിറ്റിങ് പൂർത്തിയാക്കാത്ത സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവെക്കുമെന്നും അദ്ദേഹം അറിയിച്ചു.

വ്യവസായ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ വാർഷിക റിപ്പോർട്ടും കണക്കും കുടിശ്ശികയുള്ള സ്ഥാപനങ്ങളുടെ നിലവിലെ അവസ്ഥയും അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്.

സമയബന്ധിതമായി ഓഡിറ്റിങ് പൂർത്തിയാക്കാത്ത സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടറുടെയും ധനകാര്യ വിഭാഗം മേധാവിയുടെയും ഏപ്രിൽ മാസം മുതൽ ശമ്പളം തടഞ്ഞുവെക്കും. കഴിഞ്ഞ വര്‍ഷം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നെടുത്ത തീരുമാനങ്ങൾ കർശനമായി നടപ്പിലാക്കും.

മൂന്ന് വർഷത്തിലധികം ഓഡിറ്റ് റിപ്പോർട്ട് കുടിശ്ശിക വരുത്തിയ 11 സ്ഥാപനങ്ങളെ അവലോകനം ചെയ്ത്, കുടിശ്ശിക തീർപ്പാക്കുന്നതിന് സമയക്രമം നിശ്ചയിച്ചു. ഓരോ പൊതുമേഖലാ സ്ഥാപനത്തിലേക്കും, എല്ലാ മാസവും ഉണ്ടാകുന്ന വരവുചിലവ് കണക്കുകൾ മാസാവസാനം തയ്യാറാക്കി, മാനേജിങ് ഡയറക്ടറും ധനകാര്യ വകുപ്പ് മേധാവിയും അംഗീകരിക്കണം. വർഷാവസാനം വാർഷിക പ്രൊവിഷണൽ അക്കൗണ്ട് തയ്യാറാക്കുന്ന സംവിധാനം നടപ്പിൽ വരുത്താനും യോഗം തീരുമാനിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് കൃത്യമായ ഓഡിറ്റിങ്ങ് ആവശ്യമാണെന്നും ഇക്കാര്യത്തിൽ സ്ഥാപന മേധാവികൾ വരുത്തുന്ന അലംഭാവം ഗൗരവമായി വീക്ഷിക്കുമെന്നും മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Audit is mandatory in public sector undertakings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.