വനം ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമം; സെക്ഷന്‍ ഓഫിസർക്ക് സസ്‌പെൻഷൻ

കല്‍പറ്റ: വനിതാ ബീറ്റ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആരോപണവിധേയനായ സെക്ഷന്‍ ഓഫിസറെ ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍. അന്‍ജന്‍കുമാര്‍ സസ്‌പെൻഡ് ചെയ്തു. സെക്ഷന്‍ ഓഫിസർ കെ.കെ. രതീഷ്‌ കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്.

ഇയാളുടെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് സസ്‌പെൻഷന്‍ ഉത്തരവിറങ്ങിയത്. പരാതിയില്‍നിന്ന് പിന്മാറാന്‍ യുവതിയെ പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ശബ്ദരേഖ. സെപ്റ്റംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഡ്യൂട്ടിയുണ്ടായിരുന്ന വനിതാ ബീറ്റ് ഓഫിസറുടെ മുറിയിലേക്ക് രതീഷ് അതിക്രമിച്ച് കടക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നാണ് പരാതി. ബഹളം വെച്ച് പുറത്തിറങ്ങിയാണ് ഇവര്‍ രക്ഷപ്പെട്ടത്.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ രതീഷ് രാത്രിയോടെ തിരിച്ചെത്തിയാണ് ലൈംഗിക അതിക്രമം നടത്തിയത്. സംഭവം വിവാദമായതിനു പിന്നാലെ രതീഷിനെ കല്‍പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ക്ഷമാപണം നടത്തുന്ന രീതിയിലുള്ള ഇയാളുടെ ശബ്ദരേഖ പുറത്തുവരുകയും പിന്നാലെ സസ്‌പെന്‍ഷന്‍ ഉത്തരവിറങ്ങുകയുംചെയ്തത്.

തെറ്റുപറ്റിയെന്നും നാറ്റിക്കരുതെന്നുമാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറായ രതീഷ് കുമാര്‍ വനിതാ ഓഫിസറോട് ഫോണിൽ പറയുന്നത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണില്‍ വിളിച്ചാണ് സമ്മര്‍ദം ചെലുത്തിയത്.

Tags:    
News Summary - Attempt to molest a forest official; Section Officer suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.