അറസ്റ്റിലായ പ്രജേഷ്, രഞ്ജിത്ത്, ഷിജിൻ, വിഷ്ണുരാജ്
പാലക്കാട്: ദേശീയപാത പുതുശേരി കുരുടിക്കാട്ട് കുഴൽപ്പണ സംഘത്തെ ആക്രമിച്ച് പണം കവരാനെത്തിയ നാലുപേരെ ഹൈവേ പൊലീസും കസബ പൊലീസും ചേർന്ന് പിടികൂടി. പ്രതികളിലൊരാൾ ഓടി രക്ഷപ്പെട്ടു.
കണ്ണൂർ കാടാച്ചി പഴയപുരയിൽ പ്രജേഷ് (42), ആലപ്പുഴ കായംകുളം പേരൂർ തെക്കേതിൽ രഞ്ജിത് (34), കണ്ണൂർ കൂത്തുപറമ്പ് മാനന്തേരി പുത്തൻപുരയിൽ ഷിജിൻ (36), തിരുവനന്തപുരം കിളിമാനൂർ ചൂട്ടയിൽ വിഷ്ണുരാജ് (38) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ ആറിനാണ് സംഭവം.
കേന്ദ്ര ഏജൻസിയായ നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ വ്യാജ സ്റ്റിക്കർ പതിച്ച കാറിൽ കുരുടിക്കാട്ട് കാത്തുനിൽക്കുകയായിരുന്നു കവർച്ചസംഘം. പട്രോളിങ് നടത്തുകയായിരുന്ന ഹൈവേ പൊലീസിനെ കണ്ടതും കണ്ണൂർ സ്വദേശിയായ ഡ്രൈവർ ഇറങ്ങിയോടി.
സംശയം തോന്നിയ ഹൈവേ പൊലീസ് കസബ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് വാഹനം പരിശോധിച്ചപ്പോൾ വ്യാജ ഐ.ഡി കാർഡ്, വ്യാജ നമ്പർ പ്ലേറ്റുകൾ, കുരുമുളക് സ്പ്രേ, വാഹനം പൊളിക്കാനുള്ള ആയുധങ്ങൾ എന്നിവ കണ്ടെത്തി. കുഴൽപ്പണം കടത്തുന്ന സംഘത്തെ ആക്രമിച്ച് പണം തട്ടാനുള്ള ഇവരുടെ പദ്ധതി ഇതോടെ പൊളിഞ്ഞു. കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെന്ന് തോന്നിപ്പിക്കാൻ കോട്ട് ധരിച്ചാണ് പ്രതികൾ കാറിലെത്തിയത്.
നാലു പ്രതികളും സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതികളാണെന്ന് കസബ പൊലീസ് അറിയിച്ചു. കസബ ഇൻസ്പെക്ടർ എം. സുജിത്ത്, എസ്.ഐ എച്ച്. ഹർഷാദ്, ഹൈവേ പൊലീസ് എസ്.ഐ ജലീൽ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ എസ്. ഷാനവാസ്, ഖാദർ ബാഷ, എസ്. സായൂജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി കസബ ഇൻസ്പെക്ടർ എം. സുജിത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.