അട്ടപ്പാടി മധു വധക്കേസ്: പ്രോസിക്യൂട്ടറെ മാറ്റണം; അമ്മ ഹൈകോടതിയിലേക്ക്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റുംവരെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മധുവിന്‍റെ അമ്മ മല്ലി ഹൈകോടതിയിലേക്ക്. തിങ്കളാഴ്ച ഹൈകോടതയിൽ ഹരജി നൽകും. സ്പെഷൽ പ്രോസിക്യൂട്ടർ സി. രാജേന്ദ്രന് വിചാരണ നടത്തുന്നതിൽ പരിചയക്കുറവുണ്ടെന്ന് മല്ലി പറഞ്ഞു. അദ്ദേഹം തുടർന്നും വാദിച്ചാൽ കേസ് പരാജയപ്പെടും. പ്രതികളുടെ സാമ്പത്തിക പിൻബലമാണ് സാക്ഷികൾ കൂറുമാറാൻ കാരണമെന്നും മല്ലി ആരോപിച്ചു.

മണ്ണാർക്കാട് പട്ടികജാതി-വർഗ പ്രത്യേക കോടതിയിൽ കേസിന്‍റെ വിചാരണക്കിടെ രണ്ട് സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂഷന് വൻ തിരിച്ചടിയായിരുന്നു. സാക്ഷിവിസ്താരം തുടരുന്നതിനിടെ, സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നും പകരം അഡീഷണൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോന് ചുമതല നൽകണമെന്നും ആവശ്യപ്പെട്ട് മധുവിന്‍റെ അമ്മയും സഹോദരി സരസുവും കഴിഞ്ഞ ദിവസം വിചാരണ കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ വിചാരണ കോടതിക്ക് അധികാരമില്ലെന്നും ഇത് തീരുമാനിക്കേണ്ടത് സർക്കാറും ഹൈകോടതിയുമാണെന്നും ജഡ്ജി അറിയിച്ചു.

അതിനിടെ, പ്രോസിക്യൂട്ടർമാർക്കിടയിലെ ഭിന്നതയും പുറത്തുവന്നിരുന്നു. തന്നെ മാറ്റണമെന്ന അപേക്ഷക്ക് പിന്നിൽ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണെന്ന് സംശയിക്കുന്നതായും സർക്കാറിന് വിശ്വാസമുണ്ടെങ്കിൽ സ്ഥാനത്ത് തുടരുമെന്നും സ്പെഷൽ പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ വ്യക്തമാക്കി. പ്രോസിക്യൂട്ടർ മാറണമെന്ന് കക്ഷികൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ സാക്ഷിവിസ്താരം മാറ്റിവെക്കണമെന്ന് അഡീഷണൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ ആവശ്യപ്പെട്ടു. സാക്ഷിവിസ്താരം താൽക്കാലികമായി നിർത്തണമെന്ന് മധുവിന്‍റെ ബന്ധുക്കൾ അപേക്ഷ നൽകിയതോടെ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന 12ഉം 13ഉം സാക്ഷികളുടെ വിസ്താരം കോടതി ജൂൺ 14ലേക്ക് മാറ്റുകയായിരുന്നു. 2018 ഫെബുവരി 22നാണ് ആള്‍ക്കൂട്ട വിചാരണയെയും ക്രൂര മർദനത്തെയും തുടർന്ന് മധു മരിച്ചത്.

Tags:    
News Summary - Attappadi Madhu murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.