പാലക്കാട്: ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണത്തിെൻറ ഒരു ഭാഗം അക്കൗണ്ടിൽ തിരിച്ചെത്തി. പണം തിരിച്ചെത്തിയത് എങ്ങനെയെന്ന് അറിയാതെ പൊലീസും ബാങ്ക് അധികൃതരും വട്ടംകറങ്ങുകയാണ്. പാലക്കാട് പുത്തൂർ സ്വദേശി മോഹൻദാസിെൻറ നഷ്ടപ്പെട്ട 46,478 രൂപയിലെ 15,537 രൂപയാണ് ഏപ്രിൽ അവസാനത്തോടെ അക്കൗണ്ടിലേക്ക് തിരിച്ചെത്തിയത്. പണം എങ്ങനെ തിരിച്ചെത്തി എന്ന ചോദ്യവുമായി ബാങ്ക് അധികൃതരെ സമീപിച്ചപ്പോൾ അവർക്ക് ഇതേക്കുറിച്ച് ധാരണയില്ല. തട്ടിപ്പ് നടന്നതായി പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ തുമ്പുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
പണം തിരിച്ചെത്താനുള്ള മൂന്ന് സാധ്യതകളാണ് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. മോഹൻദാസിെൻറ അക്കൗണ്ടിലെ പണം ഉപയോഗിച്ച് ഓൺലൈനിൽ ഉൽപന്നങ്ങൾ വാങ്ങി എന്നാണ് മോഹൻദാസിന് ലഭിച്ച സന്ദേശത്തിലുള്ളത്. ഓർഡർ ചെയ്ത ഉൽപന്നം കാൻസൽ ചെയ്താൽ പണം അക്കൗണ്ടിൽ തിരിച്ചെത്തും. ഓർഡർ ചെയ്ത വസ്തു സ്റ്റോക്ക് തീർന്നാൽ അക്കൗണ്ടിലേക്ക് പണം തിരിച്ചുവരും. ഓൺലൈൻ ഇടപാട് സമയത്ത് എന്തെങ്കിലും പാകപ്പിഴകൾ സംഭവിച്ചാൽ ആദ്യ ഘട്ടത്തിൽ അക്കൗണ്ടിൽനിന്ന് പണം നഷ്ടമാവുമെങ്കിലും നിശ്ചിത സമയ പരിധിക്കുള്ളിൽ പണം അക്കൗണ്ടിൽ തിരിച്ചെത്തും. ഇവയാണ് ആ സാധ്യതകൾ. എന്നാൽ, കൃത്യമായൊരു വിശദീകരണം നൽകാൻ ബാങ്കിന് സാധിച്ചിട്ടില്ല.
ഏപ്രിൽ 19നാണ് പാലക്കാട് പൂത്തൂർ സ്വദേശി മോഹൻദാസിെൻറ അക്കൗണ്ടിൽനിന്ന് 46,478 രൂപ നഷ്ടമായത്. ബാങ്കിൽ നിന്നാണെന്നും എ.ടി.എം കാർഡിെൻറ കാലാവധി തീരാറായെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് എ.ടി.എം നമ്പറും ഒ.ടി.പിയും (വൺ ടൈം പാസ് വേർഡ്) ചോദിച്ചറിഞ്ഞായിരുന്നു തട്ടിപ്പ്. മൂന്ന് ഘട്ടങ്ങളായാണ് തട്ടിപ്പ് നടന്നത്. അക്കൗണ്ടിലെ പണം ഉപയോഗിച്ച് മൂന്ന് തവണയായി ഓൺലൈനിൽ ഉൽപന്നങ്ങൾ വാങ്ങി എന്നാണ് മോഹൻദാസിന് സന്ദേശം ലഭിച്ചത്. ആദ്യ രണ്ടുതവണ പണം നഷ്ടമായ സന്ദേശം വന്നപ്പോൾ മോഹൻദാസ് ബാങ്കിലെത്തി. അപ്പോഴാണ് മൂന്നാമതും പണം നഷ്ടമായ വിവരം അറിഞ്ഞത്. എന്നാൽ, ആദ്യ തവണമാത്രമേ ഒ.ടി.പി ആവശ്യപ്പെട്ടിട്ടുള്ളു എന്നും മോഹൻദാസ് നൽകിയ പരാതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.