ബ്രഹ്മപുരം തീപിടിത്തം; പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി കോർപറേഷനിലെ ബ്രഹ്‌മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാലിന്യ പ്ലാന്‍റിന്‍റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ബ്രഹ്‌മപുരത്ത് തീപിടിത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ, ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ സംബന്ധിച്ചും, മാലിന്യസംസ്‌കരണ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനും കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കും.  

വിദഗ്ധ സംഘത്തിന്‍റെ പരിഗണനാ വിഷയങ്ങൾ

• തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തെല്ലാം?

• ഭാവിയില്‍ തീപിടുത്തം ഉണ്ടാകാതിരിക്കാന്‍ നടപ്പിലാക്കേണ്ട നടപടികള്‍ എന്തെല്ലാം?

• ഖരമാലിന്യ സംസ്‌കരണ-മാലിന്യ നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ നിലവിലെ സ്ഥലം എത്രത്തോളം അനുയോജ്യമാണ്?

• സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും എത്രത്തോളം പാലിക്കപ്പെട്ടിട്ടുണ്ട്?

• നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെകില്‍ അതിന്റെ ഉത്തരവാദികള്‍ ആരൊക്കെയാണ്?

• വിന്‍ഡ്രോ കമ്പോസ്റ്റിംഗ് നടപ്പിലാക്കാന്‍ ഏര്‍പ്പെട്ട ഉടമ്പടിയില്‍ പിഴവുകള്‍ ഉണ്ടായിരുന്നുവോ?

• കൊച്ചി കോര്‍പറേഷന്‍ ബ്രഹ്‌മപുരത്തെ പ്രവൃത്തി കൃത്യമായി നിരീക്ഷിച്ചിരുന്നുവോ? അതിന്റെ ഉത്തരവാദിത്തം ആര്‍ക്കായിരുന്നു? പ്രവൃത്തിയില്‍ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചിരുന്നോ ?

• പ്രവൃത്തിയില്‍ ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിക്കുന്നതിന് കരാറുകാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം?

• കൊച്ചി കോര്‍പറേഷനിലെ ഖര മാലിന്യം സംഭരിക്കാനും സംസ്‌കരിക്കാനും ഉദ്ദേശിച്ച സ്ഥലത്ത് മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യം കൂടി വരാനുള്ള കാരണമെന്ത്?

• നിലവില്‍ സ്ഥാപിച്ചിട്ടുള്ള വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം?

• വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റിന്റെ ശോചനീയാവസ്ഥക്കും നടത്തിപ്പിലെ വീഴ്ചകള്‍ക്കും ഉത്തരവാദികള്‍ ആരെല്ലാം?

• മുന്‍കാല മാലിന്യം കൈകാര്യം ചെയ്യാനെടുത്ത നടപടികളുടെ വിശകലനവും കാലതാമസത്തിനുള്ള കാരണങ്ങളും.

• ബയോ റെമഡിയേഷന്‍ പ്രക്രിയ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒപ്പിട്ട കരാര്‍ പ്രകാരം കോര്‍പറേഷന്റെയും കരാറുകാരുടെയും ചുമതലകള്‍ അതത് കക്ഷികള്‍ എത്രത്തോളം പാലിച്ചിരുന്നു?

• കൊച്ചി കോര്‍പറേഷന്‍ പരിധിക്കുള്ളില്‍ ജൈവ, അജൈവ മാലിന്യ ശേഖരണത്തിനും അവ സംസ്‌കരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനുമുള്ള സംവിധാനം എന്തായിരുന്നു? കരാറുകാരുടെ പ്രവര്‍ത്തനം വിലയിരുത്തിയത് എങ്ങനെയായിരുന്നു? തരം തിരിക്കാതെ മാലിന്യം ശേഖരിക്കുന്നതിനും ബ്രഹ്‌മപുരത്ത് നിക്ഷേപിക്കുന്നതിനും തീരുമാനിക്കാനുള്ള കാരണമെന്ത്? ഇത് പരിഹരിക്കാനെടുത്ത നടപടികള്‍ എന്തെല്ലാം?

• വലിയ തോതിലുള്ള ഖരമാലിന്യം ഉണ്ടാവുന്ന കേന്ദ്രങ്ങളില്‍ ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ എത്രത്തോളം സാധിച്ചിട്ടുണ്ട്?

Tags:    
News Summary - assembly updates chief minister statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.