നീക്കങ്ങളിൽ തിരിച്ചടി നേരിട്ട് പിണറായി സർക്കാർ; നിയമസഭ തിങ്കളാഴ്ചയും പ്രക്ഷുബ്ദമായേക്കും

കോഴിക്കോട്: തിങ്കളാഴ്ചയും നിയസഭ പ്രക്ഷുബ്ദമായേക്കും. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ മറുപടി പലതും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. സഭയിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞുവെന്ന പ്രതിപക്ഷ വാദം വലിയ ബഹളത്തിനു കാരണമായേക്കും.

ആഗോള കുത്തകയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സും മകൾ വീണയും ചേർന്നാണ് സ് പ്രിംഗ്ലർ ഡാറ്റ തട്ടിപ്പ് നടത്തിയതെന്ന സ്വപ്നയുടെ വെളിപ്പെടുത്തലാണ് ഒടുവിൽ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പി.ഡബ്ല്യു.സി ഡയറക്ടറായ ജെയ്ക്ക് ബാലകുമാറിനെ മകളുടെ കമ്പനിയായ എക്സാ ലോജിക്കിന്‍റെ വെബ്സൈറ്റിൽ മെന്‍ററായി കാണിച്ചുവെന്നാണ് മറ്റൊരു ആരോപണം. എന്നാൽ, മകൾ ആരെയും മെൻററായി നിയോഗിച്ചിട്ടില്ലെന്ന മറുപടിയെ പച്ചക്കള്ളമെന്നാണ് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്.

ജനകീയ നേതാവിനെ അപകീർത്തിപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ആക്രമണം നടത്തുവെന്നുമുള്ള വാദങ്ങൾ കൊണ്ട് ഈ ആരോപണങ്ങളെ പ്രതിരോധിക്കുക എളുപ്പമല്ല. ഇ.പി. ജയരാജൻ പറഞ്ഞതുപോലെ ആസൂത്രിതമായ ഗൂഢാലോചനയോ, നിഗൂഢശക്തികളുടെ പ്രവർത്തനമോ, മാഫിയ ഭീകര പ്രവർത്തനമോ മുഖ്യമന്ത്രിക്കെതിരെ നടക്കുന്നുവെന്ന് വിലയിരുത്താനുമാവില്ല. മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്‍റെ കുടുംബവുമായും ബന്ധമുണ്ടായിരുന്നുവെന്ന ആരോപണം ഉന്നയിച്ചത് സ്വപ്നയാണ്.

ഭാര്യ കമല, മകൾ വീണ, ഓഫിസിലെ രവീന്ദ്രൻ എന്നിവരൊക്കെ 164 സ്റ്റേറ്റ്മെന്റിൽ ഇടം പിടിച്ചുവെന്നാണ് സ്വപ്ന പറഞ്ഞത്. പിപ്പിടി കാട്ടിയാൽ ഏശില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകിയെങ്കിലും തുടർന്നുള്ള നീക്കങ്ങളെല്ലാം പാളി. പച്ചക്കള്ളമാണ് പ്രതിപക്ഷം പറയുന്നതെന്ന് മുഖ്യമന്ത്രി തിരിച്ചടിക്കുമ്പോഴും 2016 മുതലുള്ള വിദേശ യാത്രകൾ, മറന്നുവെച്ച ബാഗ്, ബാഗിന്‍റെ തുടർ സഞ്ചാരപഥം, ക്ലിഫ് ഹൗസിൽ നടന്ന ചർച്ചകൾ, തീരുമാനങ്ങൾ എല്ലാം ഓരോ തവണയും ചോദ്യങ്ങളായി ഉയരുകയാണ്...

സരിത്തിനെ അറസ്റ്റു ചെയ്തതാണ് ആദ്യം സ്വപ്നയെ ചൊടിപ്പിച്ചത്. അത് ബിരിയാണി ചെമ്പായിമാറി. പലതും ഏൽക്കാതെ വന്നപ്പോഴാണ് സോളാർ പാനൽ പുറത്തെടുത്തത്. പി.സി ജോർജിനെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യം ലഭിച്ചതോടെ സർക്കാറിന്‍റെ ആ നീക്കവും പാളിയിരിക്കുകയാണ്.

Tags:    
News Summary - Assembly may be in turmoil on Monday too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.