നിയമസഭാ തെരഞ്ഞെടുപ്പ്; ഭരണമാറ്റത്തിനുള്ള കൊടുങ്കാറ്റെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: വോട്ടിങ് ശതമാനത്തിലെ വർധന സർക്കാർ വിരുദ്ധ തരംഗമായി ചൂണ്ടിക്കാട്ടി ഭരണമാറ്റത്തിൽ ഉറച്ച പ്രതീക്ഷയർപ്പിച്ച് യു.ഡി.എഫ്. ജനം ഒന്നടങ്കം ഒരു തീരുമാനമെടുത്തപോലെ വോട്ടുചെയ്തത് മാറ്റത്തിന്‍റെ കാറ്റാണ് അടിവരയിടുന്നതെന്നാണ് യു.ഡി.എഫ് ക്യാമ്പുകൾ വ്യക്തമാക്കുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നതുപോലെ 100ലധികം സീറ്റുകൾ എന്നതിലേക്കും കോൺഗ്രസ് വോട്ടുശതമാനത്തെ ചേർത്തുവായിക്കുന്നു. ഭരണവിരുദ്ധ വികാരത്തിന് പുറമെ പിണറായിവിരുദ്ധ വികാരം കൂടിയുണ്ടായെന്നാണ് യു.ഡി.എഫ് കണക്കാക്കുന്നത്. ഇടതുപക്ഷത്ത് അവശേഷിച്ച ക്രൈസ്തവ-മുസ്‍ലിം വോട്ടുകൾ തിരിച്ചുവന്നതായാണ് യു.ഡി.എഫിന്റെ പ്രാഥമിക നിഗമനം. മലബാറിലെ മുസ്‍ലിം ലീഗ് സ്വാധീനവും മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണവും തങ്ങൾക്ക് ഗുണമായതായും അവർ കരുതുന്നു.

കേരളത്തില്‍ അതിശക്തമായ യു.ഡി.എഫ് തരംഗമാണ് പോളിങ് വർധന കാണിക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ വികാരം ആഞ്ഞടിച്ചു. എല്ലാ മേഖലകളിലും പരാജയപ്പെട്ട സർക്കാരിനെതിരായ വിധിയെഴുത്താണുണ്ടായത്. അഞ്ച് വമ്പൻ ഗ്യാരണ്ടികളിൽ ജനം പ്രതീക്ഷയർപ്പിച്ചെന്നും യു.ഡി.എഫ് അവകാശപ്പെട്ടു.

ഭരണത്തുടർച്ചക്കുള്ള ജനകീയസാക്ഷ്യം -എൽ.ഡി.എഫ്

തിരുവനന്തപുരം: ചരിത്രപരമായ ഭരണത്തുടർച്ചയുടെ ഹാട്രിക് ലക്ഷ്യമിടുന്ന ഇടതുമുന്നണി, വോട്ടിങ് ശതമാനത്തിലെ വർധനവിനെ തങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഉറച്ചു വിശ്വസിക്കുന്നു.ഈ സർക്കാറിന്‍റെ തുടർച്ചക്ക് ജനം നിശ്ചയിച്ചുറപ്പിച്ച് വോട്ടുചെയ്തെന്നാണ് ഇടതുകേന്ദ്രങ്ങളുടെ വിലയിരുത്തൽ. 10 വർഷത്തെ വികസനവും ക്ഷേമപ്രവർത്തനങ്ങളും വോട്ടായി മാറിയെന്ന് എൽ.ഡി.എഫ് കരുതുന്നു.

സി.പി.എമ്മിന്റെ ബൂത്ത് തലത്തിലുള്ള ശക്തമായ സംഘടനാ സംവിധാനം വഴി വോട്ടർമാരെ കൃത്യമായി ബൂത്തുകളിലെത്തിക്കാൻ സാധിച്ചെന്നാണ് പാർട്ടി വിലയിരുത്തൽ. ബി.ജെ.പിയുടെ വളർച്ചയെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്ന ചിന്താഗതി ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയെന്ന് എൽ.ഡി.എഫ് കരുതുന്നു. ഇത് തദ്ദേശ തെരഞ്ഞെടുപ്പിലെ ഏകപക്ഷീയ സാഹചര്യങ്ങൾക്ക് തിരുത്തലായെന്നാണ് പാർട്ടി കാണുന്നത്. 

Tags:    
News Summary - Assembly elections; UDF says it is a storm for regime change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.