ആശമാരുടെ രാപകൽ സമരയാത്ര: നാളെ കാസർകോട് നിന്ന് ആരംഭിക്കും

തിരുവനന്തപുരം: ആശമാരുടെ 'രാപകൽ സമരയാത്ര' നാളെ കാസർകോട് നിന്ന് ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ നടക്കും. 45 ദിവസം നീണ്ടുനിൽക്കുന്ന സമരയാത്ര സാമൂഹ്യ പ്രവർത്തകൻ ഡോ.ആസാദ് ഉദ്ഘാടനം ചെയ്യും. കാസർഗോഡ് ജില്ലാ സ്വാഗതസംഘം ചെയർമാൻ വി.കെ രവീന്ദ്രൻ അധ്യക്ഷത വഹിക്കും.

ഉദ്ഘാടന ചടങ്ങിൽ എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്,എ.കെ.എം. അഷറഫ്, ഡോ.അജയകുമാർ കോടോത്ത്, ഡോ എ.എം. ശ്രീധരൻ തുടങ്ങിയ സാമുഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ആശാസമര നേതാക്കളും പങ്കെടുക്കും.കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു നയിക്കുന്ന സമരയാത്രയിൽ നൂറുകണക്കിന് ആശമാരും കലാസംഘവും സഞ്ചരിക്കും. തിരുവനന്തപുരത്തുനിന്നുള്ള സമര നേതാക്കൾ കാസർഗോഡ് എത്തിച്ചേർന്നു.

ഒന്നാദിനം ബദിയടുക്ക, കുറ്റിക്കോൽ എന്നിവിടങ്ങളിൽ സ്വീകരണ സമ്മേളനങ്ങൾ നടത്തും. വൈകീട്ട് അഞ്ചിന് കാഞ്ഞങ്ങാട് സമാപിക്കും. യാത്രയിൽ പങ്കെടുക്കന്ന സമര അംഗങ്ങൾ കാഞ്ഞങ്ങാട് ടൗണിൽ തന്നെ അന്തിയുറങ്ങും. മെയ് ആറിന് രണ്ടാം ദിനം സമരയാത്ര 9.30 ന് പരപ്പയിൽ നിന്നാരംഭിച്ച് നീലേശ്വരം,ചെറുവത്തൂർ എന്നിവിടങ്ങളിലൂടെ പര്യടനം നടത്തും. വൈകീട്ട് അഞ്ചിന് തൃക്കരിപ്പൂരിൽ സമാപന സമ്മേളനം നടക്കും. തുടർന്ന്, കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും.

ആശാ വർക്കർമാരുടെ ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക,പെൻഷൻ ഏർപ്പെടുത്തുക,ഓണറേറിയത്തിന് ബാധകമാക്കിയ മുഴുവൻ മാനദണ്ഡങ്ങളും പിൻവലിക്കുക, എല്ലാ മാസവും മുടങ്ങാതെ 5 -ാം തീയതിക്കകം ഓണറേറിയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 10 നാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല രാപകൽ സമരം ആരംഭിച്ചത്.

സമരം 84 ദിവസം പിന്നിട്ടിട്ടും പല ഘട്ടങ്ങളിലൂടെ കഴിഞ്ഞുപോയിട്ടും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.ഈ പശ്ചാത്തലത്തിലാണ് പുതിയൊരു ഉയർന്ന ഘട്ടമായ സഞ്ചരിക്കുന്ന 'രാപകൽ സമര യാത്ര' സംഘടിപ്പിക്കുന്നത്. സമരയാത്ര ജനഹൃദയങ്ങളെ ഒരുമിപ്പിച്ചു കൊണ്ട് ജൂൺ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോടെ സമാപിക്കും.

Tags:    
News Summary - Asha's day and night protest march: Will start from Kasaragod tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.