നിലമ്പൂർ തിരിച്ചുപിടിച്ച് യു.ഡി.എഫ്, അമരത്ത് ആര്യാടൻ ഷൗക്കത്ത്; തകർന്നടിഞ്ഞ് എൽ.ഡി.എഫ്, ശക്തികാട്ടി അൻവർ

നിലമ്പൂർ: ഏറെ വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പിൽ നിലമ്പൂർ തിരിച്ചു പിടിച്ച യു.ഡി‍.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് തിളക്കമാർന്ന വിജയം. 11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തി. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു. രണ്ട് തവണ കൈവിട്ട സീറ്റാണ് ഷൗക്കത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചത്.

യു.ഡി.എഫുമായി തെറ്റിപിരിഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.വി. അൻവർ 19,760 വോട്ട് പിടിച്ചു. ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 8,648 വോട്ട് നേടി നാലാം സ്ഥാനത്തെത്തി. എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നെടുത്തൊടി 2,075 വോട്ടും പിടിച്ചു.


സ്വതന്ത്രരായി മത്സരിച്ച ഹരി നാരായണൻ -185ഉം സതീഷ് കുമാർ ജി -114ഉം വിജയൻ -85ഉം എൻ. ജയരാജൻ - 52ഉം പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് -43ഉം വോട്ട് ലഭിച്ചു. നോട്ടക്ക് 630 വോട്ട് കിട്ടി. വോട്ട് നില സംബന്ധിച്ച അന്തിമ കണക്ക് പുറത്തുവരാനുണ്ട്. മ​ണ്ഡ​ല​ത്തി​ലെ ആകെയുള്ള 2,32,057 വോ​ട്ട​ർ​മാ​രിൽ 1,76,069 പേരാണ് ഇത്തവണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തിയത്.

പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയത് മുതൽ ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിർത്തി. വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം പ​ഞ്ചാ​യ​ത്തു​ക​ളിലും നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭയും ലീഡ് നേടാൻ യു.ഡി.എഫ് സ്ഥാനാർഥിക്ക് കഴിഞ്ഞു. പ്രതീക്ഷ പു​ല​ർ​ത്തിയ നിലമ്പൂർ നഗരസഭയിലും ക​രു​ളാ​യി, അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തു​കളിലും എൽ.ഡി.എഫ് തിരിച്ചടി നേരിട്ടു. ഇവിടെയും ഷൗക്കത്ത് മുന്നേറ്റം നടത്തി.


അതേസമയം, യു.ഡി.എഫിന്‍റെയും എൽ.ഡി.എഫിന്‍റെയും ശക്തികേന്ദ്രങ്ങളിൽ നിന്ന് പി.വി. അൻവർ വോട്ട് പിടിച്ചത് ഇരു മുന്നണികളെയും ഞെട്ടിച്ചു. യു.ഡി.എഫിന് മുൻതൂക്കമുള്ള വഴിക്കടവ് അടക്കമുള്ള പഞ്ചായത്തുകളിലും എൽ.ഡി.എഫിന് മുൻതൂക്കമുള്ള കരുളായി അടക്കമുള്ള പഞ്ചായത്തുകളിലും അൻവർ വോട്ട് പിടിച്ചു.


1987 മുതൽ കോൺഗ്രസിലെ ആര്യാടൻ മുഹമ്മദാണ് യു.ഡി.എഫിന്‍റെ ഉറച്ച കോട്ടയായ നിലമ്പൂരിൽ തുടർച്ചയായി വിജയിച്ചിരുന്നത്. എട്ടു തവണയായ സീറ്റ് നിലനിർത്തിയ ആര്യാടൻ മുഹമ്മദിന്‍റെ പിൻഗാമിയായി രംഗത്തെത്തിയ മകൻ ആര്യാടൻ ഷൗക്കത്തിലൂടെ 2016ൽ സീറ്റ് നിലനിർത്താൻ യു.ഡി.എഫിന് സാധിച്ചില്ല. 2016ൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ 11,504 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിച്ചെടുത്തു.


2021ലെ തെരഞ്ഞെടുപ്പിൽ ജനപ്രിയനും ഡി.സി.സി അധ്യക്ഷനുമായ വി.വി. പ്രകാശിനെ യു.ഡി.എഫ് കളത്തിലിറക്കി. എന്നാൽ, 2,700 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ അൻവർ വിജയം ആവർത്തിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച പ്രകാശ്, വോട്ടെണ്ണലിന് മൂന്നു ദിവസം മുമ്പ് മരണപ്പെട്ടിരുന്നു.


2021ൽ പി.വി. അ​ൻ​വ​റി​ന് 81,227 വോട്ടും വി.​വി. പ്ര​കാ​ശി​ന് 78,527 വോട്ടും ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി അ​ഡ്വ.​ ടി.​കെ. അ​ശോ​ക് കു​മാ​റി​ന് 8595 വോട്ടും എ​സ്.​ഡി.​പി.​ഐ സ്ഥാ​നാ​ർ​ഥി ബാ​ബു​മ​ണി 3249 വോ​ട്ടും നേടി. 76.60 ശ​ത​മാ​നം പോളിങ് നടന്ന 2021ൽ 1,73,205 വോ​ട്ടു​ക​ളാ​ണ് പോ​ൾ ചെ​യ്ത​ത്. മ​ണ്ഡ​ല​ത്തി​ൽ ആ​കെ 2,26115 വോ​ട്ടാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 

Tags:    
News Summary - Aryadan Shoukath win Nilambur By Election 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.