സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ

വേങ്ങര (മലപ്പുറം): സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ സിനിമ കലാസംവിധായകനെ മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര വലിയോറ ആശാരിപടിയിലെ സുരേഷ് ചാലിയത്ത് (44) ആണ് മരിച്ചത്. രാവിലെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ സുരേഷിനെ കണ്ടെത്തിയത്.

ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത 'ഉടലാഴം' എന്ന ചിത്രത്തിന്‍റെ കലാസംവിധാനം സുരേഷ് നിർവഹിച്ചിരുന്നു. സ്കൂൾ അധ്യാപകനും ചിത്രകാരനുമായിരുന്ന സുരേഷ്, മലപ്പുറത്തെ സാംസ്കാരിക കൂട്ടായ്മയായ 'രശ്മി'യുടെ സജീവ പ്രവർത്തകനായിരുന്നു.

സ്ത്രീയുമായി വാട്ട്സ്ആപ്പിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു സംഘം സുരേഷിനെ വീട്ടിൽ കയറി മർദിച്ചിരുന്നു. ഭാര്യ, കുട്ടികൾ, മറ്റ് ബന്ധുക്കൾ എന്നിവരുടെ മുമ്പിൽവെച്ചായിരുന്നു ആക്രമണം. ഈ സംഭവത്തിലെ മനോവിഷമം കാരണമാണ് സുരേഷ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളും സുഹൃത്തുകളും പറയുന്നത്.

സുരേഷിന്‍റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ കാര്യങ്ങൾ വിശദ അന്വേഷണത്തിന് ശേഷമെ പറയാനാവൂവെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - artist Suresh Chaliyath suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.