പിതാവിനെ കുത്തിപ്പരിക്കേൽപിച്ച്​ നാടുവിട്ടു; മരിച്ചതറിയാതെ മടങ്ങിവരുംവഴി കൊലക്കേസിൽ യുവാവ്​ പിടിയിൽ

പത്തനംതിട്ട: കുടുംബവഴക്കിനിടെ പിതാവിനെ കുത്തിപ്പരിക്കേൽപിച്ചശേഷം ജോലിതേടി നാടുവിട്ട മകൻ പിതാവ് മരിച്ചതറിയാതെ നാട്ടിലേക്ക് വരുന്ന വഴി പൊലീസ്​ പിടിയിലായി. വള്ളിക്കോട് കുറന്തൽക്കടവ് കത്തുവേലിപ്പടിക്ക് സമീപം മായാലിൽ കൊട്ടാരത്തിൽ (സരിതാലയം) സനേഷിനെയാണ്​ (32) സി.ഐ ടി. ബിജുവി​​െൻറ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്. നവംബർ 10ന് വൈകീട്ട് 5.30ന് വീട്ടിൽ പിതാവ് ജനാർദനൻ ആചാരിയെ (63) കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഇദ്ദേഹത്തെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 

എം.ബി.എ ബിരുദധാരിയായ സനേഷ് പിറ്റേന്ന് ജോലി തേടി മുംബൈക്ക്​ പോയി. 13ന് ജനാർദനൻ ആചാരി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമായി ആദ്യം വിചാരിച്ചിരുന്നത്. എന്നാൽ, പോസ്​റ്റ്​മോർട്ടത്തിൽ ജനാർദനൻ ആചാരിക്ക് മുന്നിലും പിന്നിലും ഏറ്റ രണ്ടുകുത്തുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. പിന്നിൽ നട്ടെല്ലിനോട് ചേർന്നുണ്ടായ കുത്ത് ഹൃദയത്തിലും മുന്നിൽ കിട്ടിയ കുത്ത് പ്ലീഹയിലും തുളച്ചു കയറിയിരുന്നു. മുംബൈക്ക് പോയ സനേഷ് ഇടക്കിടെ മാതാവിനെ വിളിച്ച് പിതാവി​െൻറ അവസ്ഥ അന്വേഷിച്ചിരുന്നു. ഒരു കുഴപ്പവുമില്ലെന്ന് സനേഷിനെ അറിയിക്കണമെന്ന് പൊലീസ്​ മാതാവിന് നിർദേശം നൽകിയിട്ടുണ്ടായിരുന്നു. മരണവിവരവും അറിയിച്ചില്ല. മുംബൈയിൽ ജോലികിട്ടാതെ വന്നപ്പോൾ മാതാവിനെ വിളിച്ച് പിതാവി​െൻറ ക്ഷേമവിവരം അന്വേഷിച്ചു. അച്ഛൻ സുഖമായിരിക്കുന്നെന്ന് മാതാവ് പറഞ്ഞത് വിശ്വസിച്ച് സനീഷ് വ്യാഴാഴ്ച രാത്രി നാട്ടിലെത്തി. 

പത്തനംതിട്ടയിൽനിന്ന് ഓട്ടോയിൽ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അറസ്​റ്റ്. കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു ജനാർദനൻ ആചാരി. രണ്ടുവർഷമായി മുണ്ടക്കൽ രാമക്കുറുപ്പി​െൻറ വീട്ടിൽ വാടകക്ക്​ താമസിക്കുകയായിരുന്നു. രണ്ടു പെൺകുട്ടികൾ അടക്കം മൂന്നു മക്കളാണ് ഇദ്ദേഹത്തിന്. മൂന്നുപേർക്കും മികച്ച വിദ്യാഭ്യാസവും നൽകി. സനേഷ്​ എം.ബി.എ ഉയർന്ന നിലയിൽ പാസായശേഷം വിദേശത്തും പത്തനംതിട്ടയിലെ തിയറ്ററിലും സൂപ്പർമാർക്കറ്റിലും ജോലി ചെയ്തിരുന്നു. 

10ന് വൈകീട്ട് വീട്ടിലെത്തിയപ്പോൾ ചോറ് വിളമ്പുന്നതുമായി ബന്ധപ്പെട്ട് മാതാവുമായി തർക്കമുണ്ടായി. കുപിതനായ ഇയാൾ മാതാവിനെ കൈയേറ്റം ചെയ്യുന്നതുകണ്ട് തടസ്സം പിടിക്കാനെത്തിയതായിരുന്നു ജനാർദനൻ ആചാരി. ഇതോടെ മകൻ പിതാവിനെ മർദിക്കുകയും കുത്തിപ്പരിക്കേൽപിക്കുകയുമായിരുന്നു. കുത്തേറ്റ ജനാർദനൻ ആചാരി അടുത്ത വീടി​െൻറ പടിക്കലെത്തി കുഴഞ്ഞുവീണു. അവിടെ നിന്ന് നാട്ടുകാരാണ് ആശുപത്രികളിൽ എത്തിച്ചത്. പിതാവിന് തന്നോട് സ്​നേഹമില്ലെന്നാണ് സനേഷ് ധരിച്ചിരുന്നത്. ആ ദേഷ്യത്തിലാണ് മർദിച്ചതും കുത്തിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പിതാവ് മരിക്കുമ്പോൾ ഇയാൾ മുംബൈ പനവേലിൽ ആയിരുന്നു ഉണ്ടായിരുന്നത് എന്ന് പൊലീസ്​ ടവർ ലൊക്കേഷൻ വഴി മനസ്സിലാക്കിയിരുന്നു. ഇതനുസരിച്ചാണ് മാതാവിന് നിർദേശങ്ങൾ നൽകിയിരുന്നത്. എ.എസ്​.ഐമാരായ വർഗീസ്​, ജയചന്ദ്രൻ, ഡേവിഡ്, സി.പി.ഒമാരായ രാജേഷ്, ശരത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്​റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 
 

Tags:    
News Summary - arrest -Kerala news, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.