തിരുവനന്തപുരം: സൈന്യത്തിൽ ജോലി വാഗ്ദാനം നൽകി പണം തട്ടാൻ ശ്രമിച്ച മുൻ സൈനികനെ മിലിറ്ററി ഇൻറലിജൻസ് വിഭാഗം പിടികൂടി. വിളപ്പിൽ പേയാട് വിട്ടയം പൂവണം ലെയിനിൽ സ്വദേശി എസ്. ജയകുമാറാണ് (52) മൂന്ന് യുവാക്കളിൽനിന്ന് പണം വാങ്ങാനെത്തവെ മിലിറ്ററി ഇൻറലിജൻസിെൻറ പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ 11 മുതൽ 21 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന റിക്രൂട്ട്മെൻറ് റാലിയിൽ ആലപ്പുഴ സ്വദേശികളായ നാല് യുവാക്കൾക്ക് സെലക്ഷൻ ലഭിച്ചിരുന്നു. ഇവരുടെ വീടിന് സമീപത്തെ ഓട്ടോക്കാരൻ വഴിയാണത്രേ ജയകുമാർ ഇവരെ സമീപിച്ചത്. ജയകുമാർ ആർമി ഓഫിസറായിരുെന്നന്നും അഞ്ചു ലക്ഷം നൽകിയാൽ ജോലി തരപ്പെടുത്താമെന്നും ഓട്ടോക്കാരൻ യുവാക്കളെ ധരിപ്പിച്ചു. ജയകുമാറുമായി നേരിട്ട് കണ്ട് സംസാരിച്ചപ്പോൾ മൂന്നു ലക്ഷം വീതം നൽകിയാൽ മതിയെന്നും പരീക്ഷ ഫലം വന്നശേഷം പണം നൽകിയാൽ മതിയെന്നും യുവാക്കളോട് പറഞ്ഞു. മാത്രമല്ല എഴുത്ത് പരീക്ഷക്ക് ഉത്തരക്കടലാസിൽ പ്രത്യേക ചിഹ്നം രേഖപ്പെടുത്തണം എന്നും നിർദേശം നൽകിയെന്ന് പരാതിയിൽ പറയുന്നു.
ജൂലൈ 30ന് തിരുവനന്തപുരം വട്ടിയൂർക്കാവ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന എഴുത്ത് പരീക്ഷയിൽ നാലുപേരും പങ്കെടുത്തു. ഉത്തരക്കടലാസിലെ പ്രത്യേക ചിഹ്നം ശ്രദ്ധയിൽപ്പെട്ട മിലിറ്ററി ഇൻറലിജൻറ്സ് വിഭാഗം യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിൽ മൂന്ന് യുവാക്കൾ സ്വന്തം പരിശ്രമത്തിൽ പരീക്ഷയിൽ മികച്ച വിജയം നേടിയിരുന്നു. ഇവരെക്കൂടി ഉൾപ്പെടുത്തിയാണ് ജയകുമാറിനെ പിടികൂടാൻ പദ്ധതി തയാറാക്കിയത്. മൂവരും ജയകുമാറിനെ വിളിച്ച് തങ്ങൾ പരീക്ഷയിൽ ജയിച്ചെന്നും തരാമെന്നു പറഞ്ഞ മൂന്നു ലക്ഷം വീതം നൽകാമെന്നും പറഞ്ഞു. തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ െവച്ച് കാണാമെന്നും സമ്മതിച്ചു. ഇതിനെത്തുടർന്ന് എത്തിയ ജയകുമാറിനെ മിലിറ്ററി സംഘം പിടികൂടുകയായിരുന്നു. ജയകുമാറിനെ തമ്പാനൂർ പൊലീസിന് കൈമാറി. സൈന്യത്തിലെ ആരോഗ്യവകുപ്പിലെ സുബേദാറായി 2015ലാണ് ജയകുമാർ വിരമിച്ചത്. യുവാക്കളുടെ പരാതിയിൽ തമ്പാനൂർ പൊലീസ് കേസെടുത്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം സൈന്യത്തിൽ ജോലി വാഗ്ദാനം നൽകി പണം തട്ടാൻശ്രമിച്ച രണ്ടപേരെ പൂജപ്പുര പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.