വരുന്നു, പോകുന്നു ഡ്രൈവര്‍മാര്‍; ആര്‍ക്കുമില്ല നിശ്ചയം

ഷൂട്ടിങ് സെറ്റുകളില്‍നിന്ന് താമസസ്ഥലത്തേക്കും തിരിച്ചുമൊക്കെ യുവനടികളടക്കമുള്ളവരുടെ യാത്ര പാതിരാത്രിക്കും പുലര്‍ച്ചയുമൊക്കെയാണ്. യുവനടികളടക്കമുള്ളവരുടെ യാത്രക്ക് നിയോഗിക്കപ്പെടുന്ന ഡ്രെവര്‍മാര്‍ എവിടെനിന്ന് വരുന്നു, ആര് കൊണ്ടുവന്നാക്കുന്നു. ആര്‍ക്കുമില്ല നിശ്ചയം. 
പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍നിന്ന് തുടങ്ങാം. തൃശൂരിലെ വീട്ടില്‍നിന്ന് നടിയെ വിളിച്ചുകൊണ്ടുവരാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അയച്ച ഡ്രൈവറാണ് മാര്‍ട്ടിന്‍. ഈ മാര്‍ട്ടിന്‍ എങ്ങനെയാണ് സെറ്റിലത്തെിയത്? പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാക്കുതന്നെ കടമെടുക്കാം: ‘യൂനിറ്റിലെ ഡ്രൈവറായ അനൂപ് അവധിയെടുത്തപ്പോള്‍ പകരം വെച്ചതാണ് സുനില്‍ കുമാറിനെ (പള്‍സര്‍ സുനി). സുനില്‍കുമാര്‍ നല്ലവനാണെന്ന് അനൂപാണ് പറഞ്ഞത്.

സുനിലിന് പണി മതിയായപ്പോള്‍ അയാള്‍ ഏര്‍പ്പെടുത്തിയതാണ് മാര്‍ട്ടിനെ. മാര്‍ട്ടിന്‍ നല്ലവനാണെന്ന് സുനില്‍ പറഞ്ഞു. എനിക്ക് സുനിലിനെയും മാര്‍ട്ടിനെയും അറിയില്ല. അവര്‍ വണ്ടിയുടെ താക്കോല്‍ വാങ്ങാന്‍ വരുമ്പോള്‍ എടുത്തുകൊടുക്കും. എങ്ങോട്ട് പോകണമെന്ന് ഒന്നോ രണ്ടോ വാക്കില്‍ പറയും. അത്രമാത്രം’... ഒരു യുവതിയെ പാതിരാക്കും പുലര്‍ച്ചയുമൊക്കെ വാഹനത്തില്‍ കൊണ്ടുപോകാന്‍ ചുമതലപ്പെടുത്തുന്നയാളെപ്പറ്റി ആകെയുള്ള അറിവ് ഇത്രമാത്രം. 

പേരുമറിയില്ല; ഡ്രൈവര്‍മാരുടെ. ഈ നിരുത്തരവാദിത്തം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നിര്‍മാതാക്കളുടെ സംഘടനയെ നയിക്കുന്ന സുരേഷ് കുമാറിന്‍െറ ഭാര്യ കൂടിയായ പ്രശസ്ത നടി മേനകയെ 2011ല്‍ ഷൂട്ടിങ് ലൊക്കേഷന്‍ ഡ്രൈവര്‍ നഗരത്തില്‍ വട്ടംചുറ്റിച്ചതാണ് സംഭവം. ഷൂട്ടിങ്ങിനായി രാത്രി 11.30ന് തിരുവനന്തപുരത്തുനിന്ന് എറണാകുളം സൗത്ത് സ്റ്റേഷനിലത്തെിയ നടിയെ ഹോട്ടലിലേക്ക് കൊണ്ടുപോകാന്‍ എത്തിയ വാഹനത്തിന്‍െറ ഡ്രൈവര്‍, മേനകക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ ഒരു ആശുപത്രിയില്‍ ഇറക്കിയശേഷം നടിയെ ഹോട്ടലില്‍ വിടുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍, ഇതില്‍നിന്ന് വ്യത്യസ്തമായി വാഹനം നടിയുമായി നഗരം ചുറ്റുകയായിരുന്നു. നടി ഇക്കാര്യം ഫോണില്‍ ഭര്‍ത്താവ് സുരേഷ് കുമാറിനെ അറിയിക്കുകയും അദ്ദേഹം നിര്‍മാതാവിനെ ധരിപ്പിക്കുകയുമൊക്കെ ചെയ്തതിനത്തെുടര്‍ന്നാണ് നടിയെ ഹോട്ടലിനുമുന്നില്‍ ഇറക്കിയത്. ആരായിരുന്നു ഈ ഡ്രൈവര്‍. അന്ന് എറണാകുളം സൗത്ത് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഡ്രൈവറെ കിട്ടിയില്ല. കഴിഞ്ഞ ദിവസം പള്‍സര്‍ സുനി പ്രമുഖ നടിയെ ഉപദ്രവിച്ച സംഭവം പുറത്തുവന്നപ്പോള്‍, അന്ന് മേനകയുമായി വാഹനമോടിച്ചതും പള്‍സറാകാമെന്ന സംശയം ഉയര്‍ന്നു. പിന്നീട്, പള്‍സറല്ല അന്ന് വാഹനമോടിച്ചതെന്നും പള്‍സര്‍ ഓടിച്ചത് നിര്‍മാതാവിന്‍െറ വാഹനമായിരുന്നെന്നും തിരുത്ത് വന്നു. 

നിയന്ത്രണമില്ലാത്ത പള്‍സര്‍

പള്‍സര്‍ സുനി ബൈക്ക് മോഷണക്കേസിലും കഞ്ചാവ് കേസിലുമൊക്കെ പ്രതിയാണെന്ന് സിനിമ മേഖലയില്‍ മിക്കവര്‍ക്കും അറിയാമായിരുന്നു. ക്രിമിനല്‍ പശ്ചാത്തലം അറിയാമായിരുന്നിട്ടും ഒരു നിയന്ത്രണവുമില്ലാതെ ഇയാള്‍ക്ക് സിനിമ മേഖലയില്‍ തുടരാനായി. വര്‍ഷങ്ങളോളം നടീനടന്മാരുടെയും നിര്‍മാതാക്കളുടെയുമൊക്കെ സാരഥിയായി തുടരാന്‍ തടസ്സവുമുണ്ടായില്ല. ഏറ്റവും അവസാനം ജോലിചെയ്ത സിനിമയില്‍പോലും ഇയാള്‍ യുവ സംവിധായകന് ‘മകനെപ്പോലെ’ ആയിരുന്നു. 
ഇപ്പോഴും ഒരു പ്രമുഖ നടിയുടെ ഡ്രൈവര്‍ കൊലക്കേസില്‍ പ്രതിയാണെന്ന് സമ്മതിക്കുന്നത് നിര്‍മാതാക്കളുടെ സംഘടനതന്നെ. ‘അത് അവരുടെ സ്വന്തം ഡ്രൈവറല്ളേ. ഞങ്ങള്‍ക്ക് എന്തുചെയ്യാനാകും?’ എന്നായിരുന്നു ചോദ്യം. ഒരുലക്ഷം രൂപ മുടക്കുന്ന ആരെയും സംഘടനയില്‍ അംഗവും ഡ്രൈവറുമാക്കുന്ന രീതിയുള്ളപ്പോള്‍ തങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്നാണ് മറ്റൊരു സംവിധായകന്‍െറ ചോദ്യം. 800-850 രൂപ ദിവസക്കൂലിക്ക് വരുന്നവരോട് പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുമായി വരാന്‍ പറയാനാകുമോ എന്നാണ് പ്രമുഖ നടന്‍െറ ചോദ്യം. സിനിമ മേഖലയില്‍ ജോലിചെയ്ത് അന്നന്നുകിട്ടുന്ന കൂലികൊണ്ട് കുടുംബംപോറ്റുന്ന ഡ്രൈവര്‍മാരാണ് മഹാഭൂരിപക്ഷവും. എന്നാല്‍, അവര്‍ക്കിടയിലെ ‘പള്‍സര്‍’മാരാണ് ബാക്കിയുള്ളവരുടെയും പേര് ചീത്തയാക്കുന്നത്. 

മാന്യത വര്‍ധിപ്പിക്കാന്‍ ആരാധകക്കൂട്ടവും

ക്വട്ടേഷന്‍കാരായി സിനിമയിലേക്ക് കടന്നുകൂടുന്നവര്‍ ജോലിക്കാരുടെ വേഷത്തില്‍ മാത്രമല്ല, ആരാധകക്കൂട്ടങ്ങളുടെ വേഷം കെട്ടിയും കടന്നുവരാറുണ്ട്.  പ്രമുഖ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്ക് വ്യക്തമായ സംഘടന സംവിധാനമുണ്ട്. എന്നാല്‍, താരങ്ങള്‍ അറിയാതെപോലും ഫാന്‍സ് അസോസിയേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്ളേഡും ഗുണ്ടാപിരിവും നടത്തി ആവശ്യത്തിന് കാശുണ്ടാക്കിയശേഷം നാട്ടില്‍ മാന്യതയുടെ പരിവേഷം നേടാന്‍ ഫാന്‍സ് അസോസിയേഷന്‍ തട്ടിക്കൂട്ടി ഭാരവാഹിയാവുക എന്നതാണ് രീതി. ഷൂട്ടിങ്ങിന് സൗകര്യമൊരുക്കിയും കാണികളായി എത്തുന നാട്ടുകാരെ വിരട്ടിനിര്‍ത്തിയുമൊക്കെ ഷൂട്ടിങ് സെറ്റുകളില്‍ ആളുകളിക്കാന്‍ അവസരം കിട്ടും. ഇതിന്‍െറമറവില്‍ ക്വട്ടേഷന്‍ സംഘങ്ങളും ആളുകളിക്കാന്‍ എത്താറുണ്ട്. 

Tags:    
News Summary - aritcle about malayalam filim industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.