കൊച്ചി: വിദ്യാർഥികളുടെ ഭാവി അവതാളത്തിലാകാതിരിക്കാനാണ് സാങ്കേതിക സർവകലാശാല (കെ.ടി.യു) താൽക്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ചതെന്ന് ചാൻസലർ കൂടിയായ ഗവർണർ ഹൈകോടതിയിൽ. വി.സിയായിരുന്ന ഡോ. എം.എസ്. ജയശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ താൽക്കാലിക വി.സിയായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടറേറ്റിലെ സീനിയർ ജോ. ഡയറക്ടർ ഡോ. സിസയെ നിയമിച്ചതിൽ നിയമപരമായി അപാകതയില്ല.
വി.സി മാറുന്നതോടെ പ്രോ വി.സിയും മാറണമെന്നാണ് യു.ജി.സി ചട്ടമെന്നതിനാൽ അദ്ദേഹത്തിന് താൽക്കാലിക ചുമതല നൽകാനാവില്ല. ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന് ചുമതല കൈമാറാൻ സർക്കാർ ശിപാർശ ചെയ്തെങ്കിലും ഈ നിയമനം സംശയകരമായതിനാലാണ് അംഗീകരിക്കാതിരുന്നത്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല കൈമാറാനും സർക്കാർ ശിപാർശ ചെയ്തെങ്കിലും വി.സിയായി നിയമിക്കപ്പെടേണ്ടത് വിദ്യാഭ്യാസ വിദഗ്‌ധനാകണമെന്ന സുപ്രീംകോടതി വിധിയും യു.ജി.സി മാനദണ്ഡങ്ങളും സർവകലാശാലയുടെ സ്വയംഭരണാവകാശവും പരിഗണിച്ച് അതും അംഗീകരിച്ചില്ലെന്ന് ചാൻസലർ വിശദീകരിച്ചു.
ഡോ. സിസ തോമസിനെ താൽക്കാലിക വി.സിയായി നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹരജിയിലാണ് ഈ വിശദീകരണം. വി.സിയില്ലെന്ന കാരണത്താൽ ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടാകാതിരിക്കാനാണ് ഡോ. സിസ തോമസിന് ചുമതല നൽകിയത്. എൻജിനീയറിങ് കോളജുകളിൽ 10 വർഷത്തിലേറെ അധ്യാപന പരിചയമുള്ള പ്രഫസർമാരുടെ പട്ടിക ശേഖരിച്ചാണ് നിയമനം നടത്തിയത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പട്ടിക നൽകാതിരുന്നതിനെ തുടർന്നാണ് യോഗ്യത വിലയിരുത്തി നേരിട്ട് നിയമനം നടത്തിയത്. ഗവർണറുടെ വിജ്ഞാപനം ചോദ്യംചെയ്ത് ഉന്നത വിദ്യാഭ്യാസ അഡീഷനൽ സെക്രട്ടറി നൽകിയ ഹരജി നിയമപരമായി നിലനിൽക്കില്ലെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു. ഇതിന് മറുപടി നൽകാൻ സർക്കാർ സമയം തേടിയതിനെ തുടർന്ന് ഹരജി നവംബർ 23ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.