പരസ്യമായ എതിർപ്പും സമ്മർദ തന്ത്രവും ഒരു വശത്ത്; ഒരുമിച്ച് സദ്യയും കുശലം പറച്ചിലും മറുവശത്ത്, പി.വി.അൻവറിന്റെയും ആര്യാടൻ ഷൗക്കത്തിന്റെയും ദൃശ്യങ്ങൾ വൈറൽ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി വന്നിട്ടില്ലെങ്കിലും ആര്യാടൻ ഷൗക്കത്താണ് സ്ഥാനാർത്ഥിയെന്ന് ഏറെ കുറേ ഉറപ്പായി കഴിഞ്ഞു. പി.വി അൻവറിന്റെ സകല സമ്മർദ തന്ത്രങ്ങളും മറികടന്നാണ് ഷൗക്കത്തിനെ നിർത്താൻ കെ.പി.സി.സി തീരുമാനിക്കുകയും ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തത്.

ഷൗക്കത്തിന്റെ പേര് ഉയർന്ന് വന്ന സാഹചര്യത്തിൽ തന്നെ ആരെയെങ്കിലും എം.എൽ.എ ആക്കാൻ അല്ല താൻ രാജിവെച്ചത് എന്ന പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും കോൺഗ്രസ് നേതൃത്വം അൻവറിനെ പരിഗണിച്ചതേയില്ല. സമ്മർദ തന്ത്രങ്ങളും പരസ്യ എതിർപ്പും പ്രകടിപ്പിച്ച അതേ ദിനത്തിൽ തന്നെ പി.വി.അൻവറും ആര്യാടൻ ഷൗക്കത്തും ഒരുമിച്ചിരുന്ന് സദ്യ ഉണ്ണുന്നതിന്റെയും കുശലം പറയുന്നതിന്റെയും ദൃശ്യങ്ങൾ ശ്രദ്ധനേടി.

കാളിക്കാവിൽ കോൺഗ്രസ് നേതാവ് എൻ.എ കരീമിന്റെ മകന്റെ വിവാഹ വേദിയിൽ നിന്നുള്ളതായിരുന്നു ദൃശ്യങ്ങൾ. വി.എസ് ജോയ് പക്ഷത്തിനൊപ്പം നിൽക്കുന്നയളാണ് എൻ.എ കരീം എന്നതും ശ്രദ്ധേയമാണ്.

ഭക്ഷണം കഴിച്ച് കൈകൊടുത്ത് പിരിഞ്ഞ ശേഷം അൻവറിന്റെ സമ്മർദത്തെ അതിജീവിച്ച ഷൗക്കത്തിന്റെ വാർത്തകളാണ് പീന്നീട് കണ്ടത്.

കളമശ്ശേരിയിൽ നടന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിലാണ് ഷൗക്കത്തിെന സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. വി.ഡി സതീശൻ, ഷാഫി പറമ്പിൽ, പി.സി വിഷ്ണുനാഥ് തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാന നേതാക്കൾ വി.എസ് ജോയിയുമായി ചർച്ച നടത്തി. പാർട്ടി സ്ഥാനാർഥിക്ക് പൂർണ പിന്തുണ നൽകുമെന്ന് ജോയ്് നേതാക്കൾക്ക് ഉറപ്പ് നൽകി.

ആര്യാടൻ മുഹമ്മദിന്റെ കുത്തക അവസാനിപ്പിച്ച് 2016ലാണ് ഇടത് സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ നിലമ്പൂർ പിടിച്ചെടുത്തത്. പിണറായിസത്തെ തകർക്കാനായി ആര് യു.ഡി.എഫ് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്നായിരുന്നു നേരത്തേ അൻവർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് മലക്കം മറിയുകയായിരുന്നു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിലെ അതൃപ്തിയും അൻവർ പരസ്യമാക്കിയിരുന്നു. പകരം വി.എസ്. ജോയിയുടെ പേരാണ് അൻവർ നിർദേശിച്ചത്. 

Full View


Tags:    
News Summary - Anwar and shoukath have a meal together at the wedding house.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.