തിരുവനന്തപുരം: ഇടതുമുന്നണിയെ ഒറ്റുകൊടുത്ത യൂദാസാണ് അന്‍വറെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിലമ്പൂരില്‍ സി.പി.എം അന്‍വറിനെ മുഖവിലക്കെടുക്കുന്നില്ല. ഏറ്റവും ഉജ്വലമായ രാഷ്‌ട്രീയ പോരാട്ടമായിരിക്കും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുക എന്ന കാഴ്‌ചപ്പാടോടു കൂടിയാണ് എം. സ്വരാജിനെ പാർടി സ്ഥാനാർഥിയായി നിശ്ചയിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു.
നിലമ്പൂരില്‍ പ്രത്യേക പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നേതാവാണ് സ്വരാജ്. നിലമ്പൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ അറിയുന്ന നേതാവാണ്. നിലമ്പൂരിലെ നേതാക്കളും പ്രവര്‍ത്തകരും ആഗ്രഹിച്ച സ്ഥാനാര്‍ഥിയാണ് സ്വരാജ്. പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും കമ്യൂണിസ്റ്റ്, തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രിയപ്പെട്ട നേതാവ് എന്ന നിലയിലും ഉയര്‍ന്നുവന്നയാളാണ് അദ്ദേഹം. ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്വരാജ് നിലമ്പൂരിലെ പോരാട്ടം നയിക്കണം എന്നാണ് പാര്‍ട്ടി തീരുമാനം.
അദ്ദേഹത്തിന് വിജയം കൈവരിക്കാനാവുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ് നിലമ്പൂര്‍. സഖാവ് കുഞ്ഞാലിയുടെ നാടാണത്. അന്‍വറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. സ്വരാജിലൂടെ നിലമ്പൂരില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ പാര്‍ട്ടിക്കാകുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.