കോവിഡ്: ആന്‍റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാലും ആർ.ടി.പി.സി.ആർ ടെസ്റ്റ് കൂടി നടത്തും

തിരുവനന്തപുരം: കോവിഡ് സംശയിക്കുന്നവരിൽ ആന്‍റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാലും ആർ.ടി.പി.സി.ആർ ടെസ്റ്റ് കൂടി നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10ൽ താഴെ നിർത്തുന്നതിന് ആവശ്യമായ ശക്തമായ നടപടികൾ എല്ലാ ജില്ലകളിലും സ്വീകരിക്കും. ഗർഭിണികൾക്കും ഡയാലിസിസ് വേണ്ടവർക്കും കോവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യത്തിൽ അവശ്യമായ ചികിത്സാ സൗകര്യം വിലയിരുത്തുവാനും തയാറാക്കുവാനും നിർദ്ദേശം നൽകി. ഗർഭിണികൾക്കും കുട്ടികൾക്കും വേണ്ട രീതിയിൽ കിടക്കകൾ തയ്യാറാക്കുന്നതിനു വേണ്ട നടപടികളും സ്വീകരിച്ചെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

എറണാകുളം ജില്ലയിൽ കേസുകൾ കൂടിയ സാഹചര്യത്തിൽ രോഗ ലക്ഷണം അനുഭവപ്പെടുമ്പോൾ തന്നെ ആളുകൾക്ക് ബന്ധപ്പെടാനായി ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിലും അതിനു മാത്രമായി ഫോൺ സൗകര്യം ഏർപ്പാടാക്കി. ജില്ലയിൽ വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്കായി ടെലി മെഡിസിൻ സൗകര്യവും ക്ലിനിക്കൽ ഫോളോഅപ്പിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ ചുമതലകൾ നൽകിക്കൊണ്ട് രോഗികൾക്കു മികച്ച പരിചരണം നൽകുന്നതിനാണ് ശ്രമിക്കുന്നത്.

സമൂഹത്തിൽ എത്ര ശതമാനം ആളുകൾക്ക് രോഗം വന്നു പോയിട്ടുണ്ടാകാമെന്ന് കണ്ടെത്തുന്നതിനായി ആഗസ്റ്റിൽ  ഐ.സി.എം.ആർ നടത്തിയ സെറോ സർവേ (sero survey) പ്രകാരം കേരളത്തിൽ 0.8 ശതമാനം ആളുകൾക്കാണ് കോവിഡ് വന്നു പോയതായി കണ്ടെത്തിയത്. ദേശീയ തലത്തിൽ അതേ പഠനം കണ്ടെത്തിയത് 6.6 ശതമാനം പേർക്ക് രോഗം വന്നു പോയി എന്നാണ്. മെയ് മാസത്തിൽ നടത്തിയ സെറോ സർവേ പ്രകാരം 0.73 ശതമാനമായിരുന്നു ദേശീയ തലത്തിൽ കണ്ടെത്തിയത്. അതാണിപ്പോൾ 6.6 ശതമാനമായി

(ഏകദേശം 9 ഇരട്ടിയായി) ഉയർന്നത്. എന്നാൽ, കേരളത്തിൽ അത് 0.33 ശതമാനത്തിൽ നിന്നും 0.8 ശതമാനമായി (ഏകദേശം 2.4 ഇരട്ടി) ആണ് ഉയർന്നതായും മുഖ്യമന്ത്രി അറിയിച്ചു.

Tags:    
News Summary - Antigen test negative patients to RTPCR test says Kerala CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.