മധു വധം: മാതാവിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യ ഹരജി തള്ളി

കൊച്ചി: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ്​ മധുവിന്‍റെ മാതാവ്​ മല്ലിയെ കേസിൽനിന്ന്​ പിന്മാറാൻ ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതിയുടെ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി തള്ളി. പ്രഥമദൃഷ്ട്യാ കേസ്​ വ്യക്തമല്ലെന്നും അനാവശ്യമായി കേസിൽ ഉൾപ്പെടുത്തിയതാണെന്നും കാട്ടി പാലക്കാട്​ കുമരംപുത്തൂർ സ്വദേശി ആർ.വി. അബ്ബാസ്​ നൽകിയ ഹരജിയാണ്​ ജസ്റ്റിസ്​ എ. ബദറുദ്ദീൻ തള്ളിയത്​.

മണ്ണാർക്കാട്​ പ്രത്യേക കോടതി മുൻകൂർ ജാമ്യ ഹരജി തള്ളിയതിനെത്തുടർന്നാണ്​ ഹൈകോടതിയെ സമീപിച്ചത്​. ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്ന്​ ജൂലൈ എട്ടിന്​ വീട്ടിൽ അതിക്രമിച്ചുകയറി​ ഭീഷണിപ്പെടുത്തിയെന്നാണ്​ കേസ്​. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം.

പട്ടികവിഭാഗക്കാർക്കുനേരെയുള്ള അതിക്രമം തടയൽ നിയമത്തിലെ 18ാം വകുപ്പ്​ പ്രകാരം മുൻകൂർ ജാമ്യത്തിന്​ വിലക്കുണ്ടെന്നായിരുന്നു​ പ്രോസിക്യൂഷന്‍റെയും മല്ലിയുടെയും വാദം. എന്നാൽ, ഇത്തരം കേസുകളിൽ കേസെടുക്കാൻ പ്രാഥമിക അന്വേഷണമോ അറസ്റ്റിന്​ മുൻകൂർ അനുമതിയോ വേണ്ടെന്നുമാണ്​ വ്യവസ്ഥയെന്നും പ്രഥമദൃഷ്ട്യാ കേസ് നിലവിലുണ്ടെന്ന്​ തോന്നുന്നില്ലെങ്കിൽ മുൻകൂർ ജാമ്യം അനുവദിക്കുന്നതിന്​ തടസ്സമില്ലെന്നും കോടതി പറഞ്ഞു.

അതേസമയം, പട്ടിക വർഗക്കാരിയാണെന്ന്​ അറിഞ്ഞുകൊണ്ടുതന്നെ പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയാണ്​ പ്രതികൾ ചെയ്​തതെന്നും കുറ്റകൃത്യം പ്രഥമദൃഷ്ട്യാ വ്യക്തമായതിനാൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

Tags:    
News Summary - anticipatory bail plea of ​​the accused in the case of threatening the Madhu mother was rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.