രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ലൈംഗികാരോപണക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ക്രൂരത വെളിപ്പെടുത്തി മറ്റൊരു യുവതി കൂടി രംഗത്ത്. കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരിയാണ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ എന്നിവര്‍ക്ക് ഇ-മെയില്‍ അയച്ചത്. വിവാഹ വാഗ്ദാനം നല്‍കി ഹോംസ്റ്റേയിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് വെളിപ്പെടുത്തൽ. പരാതി കെ.പി.സി.സി നേതൃത്വം ഡി.ജി.പിക്ക് കൈമാറി.
‘അത്യന്തം വേദനയോടെയാണ് ഈ കത്ത്’ എന്ന മുഖവുരയോടെയാണ് യുവതിയുടെ എഴുത്ത്. ‘താനുമായി രാഹുലിന് വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്നു. 2023 സെപ്റ്റംബറില്‍ ഇൻസ്റ്റഗ്രാം വഴി രാഹുല്‍ ഫോണ്‍ നമ്പര്‍ വാങ്ങി വിവാഹാഭ്യർഥന നടത്തി. തുടർന്നും ആവര്‍ത്തിച്ചപ്പോള്‍ താന്‍ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർ ആദ്യം മടിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.
അവധിക്ക് നാട്ടിലെത്തിയപ്പോള്‍, ഭാവികാര്യങ്ങള്‍ സംസാരിക്കണമെന്ന് പറഞ്ഞ് നഗരത്തില്‍നിന്ന് ഒഴിഞ്ഞ സ്ഥലത്തുള്ള സുഹൃത്തിന്റെ ഹോംസ്റ്റേയിലേക്ക് കൂട്ടിക്കൊണ്ടുപോയായിരുന്നു ക്രൂരത. ആവര്‍ത്തിച്ച് എതിര്‍ത്തിട്ടും മുറിയില്‍വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ഭയാനകമായ രീതിയില്‍ ആക്രമിക്കുകയും ചെയ്തെന്ന് യുവതി പറയുന്നു.
‘മാനസികമായും ശാരീരികമായും തകര്‍ന്ന താൻ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരെയും വിവാഹം ചെയ്യാൻ ഉദ്ദേശമില്ലെന്നും തന്റെ രാഷ്ട്രീയജീവിതം ഭാര്യയുടെയും മക്കളുടെയും കാര്യങ്ങൾ നോക്കാനുള്ളതല്ലെന്നും പറഞ്ഞ് രാഹുൽ കൈയൊഴിഞ്ഞു. പിന്നീട് രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാൻ കാറില്‍ വീടിന് സമീപത്ത് ഇറക്കിവിടുകയായിരുന്നു.
തുടര്‍ന്ന് ഒരു മാസം വിളിച്ചതേയില്ലെന്നും പിന്നീടൊന്നും സംഭവിച്ചില്ല എന്നമട്ടിൽ വിളിച്ച് വീണ്ടും സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍, ‘നിന്നെ ഗര്‍ഭിണിയാക്കണം’ എന്ന പോലുള്ള പേടിപ്പിക്കുന്ന സന്ദേശങ്ങള്‍ അയച്ചു. എന്നാല്‍, രാഹുലിന്റെ രാഷ്ട്രീയ സ്വാധീനം ഭയന്ന് ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു താനെന്ന് യുവതി പറയുന്നു.
നേരത്തേ ഈ പെണ്‍കുട്ടിയിൽനിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ, നിയമനടപടിക്ക് തയാറല്ലെന്ന് അറിയിച്ചു. എന്നാൽ, സമാനമായ പരാതികള്‍ നിരവധി യുവതികളില്‍നിന്ന് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് യുവതി മെയിൽ അയച്ചത്.
അതേസമയം, മുൻകൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത് അടച്ചിട്ട മുറിയിലാകണമെന്നും സ്വകാര്യത മാനിക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ പുതിയ ഹരജി നൽകിയിരുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹരജി നൽകിയത്. ചൊവ്വാഴ്ച പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ രാഹുൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ഫോട്ടോകൾ, പരാതിക്കാരിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങളുടെ റെക്കോഡ് എന്നിവയാണ് രാഹുലിന്‍റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചത്.
പെൻഡ്രൈവിൽ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകൾ ആധികാരികമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്. രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നതിന് ആശുപത്രി രേഖകളും ഫോൺ സംഭാഷണവും അടക്കം ഒട്ടേറെ തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് കോടതിയിൽ റിപ്പോർട്ട് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.