നസീറ ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍റെ ഉദ്​ഘാടനം ഡോ. മധുര സ്വാമിനാഥന്‍ നിര്‍വഹിക്കുന്നു

സസ്യോദ്യാനം പ്രഖ്യാപിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ്​

കല്‍പറ്റ: ലോക പരിസ്ഥിതി ദിനത്തിന്‍റെ 50-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ്​ കാമ്പസിന്‍റെ സമീപത്തായി സസ്യോദ്യാനം വികസിപ്പിക്കുന്നതിന്​ സ്ഥലം വിട്ടുനല്‍കി. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്‍റെ ആഗോള സി.എസ്.ആര്‍ വിഭാഗമായ ആസ്റ്റര്‍ വൊളണ്ടിയേഴ്സാണ് സസ്യോദ്യാന പദ്ധതി നടത്തിപ്പിലെ പങ്കാളി. എം.എസ്. സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍റെ (എം.എസ്​.എസ്​.ആർ.എഫ്​) പങ്കാളിത്തത്തോടെ മൂന്നേക്കര്‍ സ്ഥലത്ത് ഒരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫൗണ്ടേഷൻ​ ചെയര്‍പേഴ്സണും ബംഗലൂരു ഇന്ത്യന്‍ സ്റ്റാറ്റസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസറുമായ ഡോ. മധുര സ്വാമിനാഥന്‍ നിര്‍വഹിച്ചു. ആസ്റ്റര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിന്‍റെ സ്ഥാപകനുമായ ഡോ. ആസാദ് മൂപ്പന്‍റെ പത്നി നസീറ മൂപ്പന്‍റെ നാമധേയത്തിലാണ് സസ്യോദ്യാനം ഒരുക്കുന്നത്.

സസ്യങ്ങള്‍, വൃക്ഷങ്ങള്‍, പൂക്കള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരങ്ങളോടെ ഒരുക്കുന്ന നസീറ ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ വിദ്യാര്‍ഥികള്‍ക്കും സസ്യശാസ്ത്രജ്ഞര്‍ക്കും ഹോര്‍ട്ടികള്‍ച്ചറിസ്റ്റുകള്‍ക്കും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ അപൂര്‍വ സസ്യങ്ങളും ഉദ്യാനത്തില്‍ നട്ടുപിടിപ്പിക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഉദ്യാനം തയ്യാറാകും.

ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ്​ ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത, എക്സിക്യുട്ടിവ് ട്രസ്റ്റി യു. ബഷീര്‍, എം.എസ്​.എസ്​.ആർ.എഫ്​ സീനിയര്‍ ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍, എക്സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. ഹരിഹരന്‍, കമ്യൂണിറ്റി ആഗ്രോബയോഡൈവേഴ്സിറ്റി സെന്‍റര്‍ ഡയറക്ടര്‍ ഡോ. ഷക്കീല തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. നസീറ ബൊട്ടാനിക്കല്‍ ഗാര്‍ഡനിലേക്ക് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സമ്മാനിച്ച ചെടിത്തൈകള്‍ ഗാര്‍ഡന്‍ അധികൃതര്‍ നട്ടു.

പ്രദേശത്തിന്‍റെ പരിസ്ഥിതി ലോല സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും വിദ്യാര്‍ഥികളിലും ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും എത്തുന്ന സഞ്ചാരികളിലും പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതിനുമാണ് മേപ്പാടിയില്‍ ഇത്തരമൊരു സസ്യോദ്യാനം വികസിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

Tags:    
News Summary - Announcement of Naseera Botanical Garden at Dr.Moopen's Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.